ചാവക്കാട്ടെ അഗ്നി ബാധ, മൂന്ന് വ്യാപാര സ്ഥാപനങ്ങൾക്ക് രണ്ട് കോടിയിലേറെ നഷ്ടം
ചാവക്കാട് : നഗരത്തിൽ രാത്രി ഒരു മണിയോടെ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് സ്ഥാപനങ്ങൾക്ക് കൂടി സ്റ്റോക് ഇനത്തിൽ ഒരു കോടിരൂപയും, കെട്ടിടത്തിന്റെ നാശനഷ്ടം കൂടി കണക്കാക്കുമ്പോൾ മൊത്തം രണ്ട് കോടി രൂപ യിലേറെ നാശനഷ്ടങ്ങൾ ഉണ്ടായതായി കണക്കാക്കുന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ശ്രീ: കെ.വി അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ സ്ഥലം സന്ദർശിക്കുകയും വ്യാപാരികൾക്ക് വേണ്ടുന്ന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
മുഴുവൻ മെമ്പർമാരും നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു. അവിചാരിതമായി ഉണ്ടാകുന്ന ഇങ്ങനെയുള്ള സംഭവങ്ങളിൽ സാമ്പത്തിക പരീരക്ഷ ലഭിക്കുന്നതിനായി മുഴുവൻ വ്യാപാരികളും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിമാരായ പി.എം അബ്ദുൾ ജാഫർ, പി എസ് അക്ബർ,എ എസ് രാജൻ, സി.എം. എ സെക്രട്ടറിയേറ്റ് മെമ്പർ ഇ. എ ഷിബു, അഷറഫ് (അലങ്കാർ)അബ്ദുൾ സലീം (അസീസ്ഫൂട്ട് വെയർ ), മുഹമ്മദാലി (ടിപ്ടോപ്പ്) ഷെമീർ (പൊന്നൂസ്) എന്നിവർ പങ്കെടുത്തു.
ചാവക്കാട് ജങ്ഷനിൽ കുന്നംകുളം റോഡിലുള്ള അസീസ് ഫൂട്ട് വെയർ, ടിപ് ടോപ് ഫാൻസി ഷോപ്പ്, തുണിക്കട എന്നിവ പ്രവർത്തിക്കുന്ന നഗര മധ്യത്തിലെ ഓടിട്ട കെട്ടിടമാണ് കത്തി നശിച്ചത്. ഗുരുവായൂർ, കുന്നംകുളം, പൊന്നാനി എന്നിവിടങ്ങളിൽ നിന്നായി എട്ടു യൂണിറ്റ് ഫയർ ഫോഴ്സ് എത്തി മണിക്കൂറുകൾ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്തുള്ള വൈദ്യുതി ട്രാൻസ്‌ഫോർമാറിലെ കേബിളുകളും കത്തിനശിച്ചു.
പെരുമ്പിലാവ് സ്വദേശി സലീമിന്റെ ഫൂട്ട് വെയർ ഷോപ്പിന് പിൻവശത്ത് നിന്നാണ് തീ പടർന്നതെന്ന് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് പറഞ്ഞു. ആദ്യം പ്ലാസ്‌റ്റിക് ഉരുകുന്ന മണവും പുകയും കണ്ടെന്നും പിന്നീടാണ് തീ പടർന്നു പിടിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നു. ചെരിപ്പ് കടയും, തുണിക്കടയും പൂർണ്ണമായും കത്തി നശിച്ചു. ഫാൻസിക്കട പകുതിയിലധികവും കത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി