
രാജ്യത്ത് ജാതി സെൻസസ് നടത്താന്‍ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ കേന്ദ്ര കാബിനറ്റ് കമ്മിറ്റി തീരുമാനിച്ചു. വരാനിരിക്കുന്ന ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെൻസസും നടത്താൻ രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

രാജ്യത്ത് പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പാക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കിയിരുന്നു. ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിനിടെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രതിപക്ഷത്തെ വിമർശിച്ചു. പല സംസ്ഥാനങ്ങളിലും നടത്തിയ സെൻസസ് നടപടിക്രമങ്ങൾ അശാസ്ത്രീയമാണെന്നും കോൺഗ്രസും ഇന്ത്യ സഖ്യ പങ്കാളികളും ജാതി സെൻസസിനെ ഒരു രാഷ്ട്രീയ ഉപകരണം ആയി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന് അദ്ദേഹം ആരോപിച്ചു.

‘ചില സംസ്ഥാനങ്ങൾ ജാതി സെൻസസ് നടത്തി. ചില സംസ്ഥാനങ്ങൾ നല്ല രീതിയിൽ ചെയ്തപ്പോൾ, മറ്റ് ചില സംസ്ഥാനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ജാതി സർവ്വേ നടപ്പാക്കി. ഇത്തരം സർവ്വേകൾ സമൂഹത്തിൽ സംശയങ്ങളുണ്ടാക്കി. രാഷ്ട്രീയം നമ്മുടെ സാമൂഹിക ഘടനയെ അസ്വസ്ഥമാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, സെൻസസിൽ സർവേകൾക്ക് പകരം ജാതി കണക്കെടുപ്പ് ഉൾപ്പെടുത്തും’- കേന്ദ്രമന്ത്രി പറഞ്ഞു