സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂര്‍ സ്വദേശി കെ.എം. ബഷീര്‍(35) ആണ് മരിച്ചത്. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷന് സമീപമായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു . ശ്രീറാം വെങ്കിട്ട രാമൻ മദ്യപിച്ച് വാഹനമോടിച്ചാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകി .
മ്യൂസിയം പൊലീസ് സ്റ്റേഷന് 50 മീറ്റര്‍ ദൂരത്തിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. അപകടത്തിന്‍റെ ശബ്ദം കേട്ട മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നില്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്. ശ്രീറാം തന്നെ ആംബുലന്‍സ് വിളിച്ചു വരുത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ശേഷം കൂടെയാരുമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും തന്‍റെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറയുന്നു.
എന്നാല്‍ ഇതിനുശേഷം ശ്രീറാം പൊലീസിനോട് പറഞ്ഞത് തന്‍റെ സുഹൃത്താണ് വണ്ടിയോടിച്ചത് എന്നാണ്. തന്‍റെ കൈയ്ക്ക് വേദനയുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞതോടെ അദ്ദേഹത്തെ പൊലീസ് ജനറല്‍ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ഒപി ടിക്കറ്റില്‍ ശ്രീറാമിനെ മദ്യം മണക്കുന്നതായി എഴുതി. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ശ്രീറാമിനെ മെഡി.കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ താനല്ല വണ്ടിയോടിച്ചതെന്ന ശ്രീറാമിന്‍റെ മൊഴി വിശ്വസിച്ച പൊലീസ് അദ്ദേഹത്തെ വിട്ടു. സുഹൃത്തുകളെ വിളിച്ചു വരുത്തിയ ശ്രീറാം അവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയില്‍ എത്തി അവിടെ അഡ്മിറ്റായി.