കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ
തൃശൂർ : തൃശൂർ റേഞ്ച് ഡി ഐ ജി കാപ്പ നിയമം പ്രകാരം തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുള്ള ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച തൃശ്ശൂർ പൂത്തോൾ, ദിവാൻജി മൂല പുത്തൻപുരക്കൽ വീട്ടിൽ റഷീദ് മകൻ അബ്ദുൽ റസാഖ് 38 എന്നയാളെ ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ വിമൽ. വി. വി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റസാഖിന് ജൂലൈ ഏഴിനാണ് ഡി ഐ ജി തൃശൂർ ജില്ലയിൽ സഞ്ചാര സ്വാതന്ത്രം തടഞ്ഞു ഉത്തരവ് ഇറക്കിയത്.
സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം കാപ്പ ഉത്തരവ് പ്രകാരം ജില്ലയിൽ നിന്നും പുറത്താക്കിയവരെ പരിശോധിച്ച സൈബർ സെൽ ഉദ്യോഗസ്ഥരാണ് റസാഖ് ചാവക്കാട് തിരുവത്ര ബീച്ച് പരിസരത്ത് ഉണ്ടെന്നുള്ള വിവരം കണ്ടെത്തിയത്. ഇത് പ്രകാരം ഈ സ്ഥലത്തെത്തിയ ചാവക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാറും പൊലീസ് പാർട്ടിയുമായി പ്രതി വാക്കേറ്റം ഉണ്ടാകുകയും പോലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. കാപ്പ ചുമത്തി ജില്ലയുടെ പുറത്ത് താമസിക്കുന്നവരെ നിരീക്ഷിക്കുന്നത്തിന് പ്രത്യേക സംവിധാനം ജില്ലയിൽ നിലവിലുണ്ട്. സബ് ഇൻസ്പെക്ടർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ് ഏങ്ങണ്ടിയൂർ, റോബർട്ട്, ആദർശ്, സുബീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.