
ഗുരുവായൂരിൽ കനറാ ബാങ്ക് വിളക്കാഘോഷം ഞായറാഴ്ച

ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് മഹോത്സവത്തിന്റെ 16-ാം ദിവസമായ ഞായറാഴ്ച്ച, കനറാ ബാങ്ക് ജീവനക്കാരുടെ വകയായി സമ്പൂര്‍ണ്ണ നെയ്യ് വിളക്കാഘോഷം നടത്തപ്പെടുമെന്ന് ബാങ്ക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് 3 മണിയ്ക്ക് കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ തങ്കതിടമ്പേറ്റിയുള്ള വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്ക്, പല്ലാവൂര്‍ ശ്രീധരമാരാരും, സംഘവും നയിയ്ക്കുന്ന പഞ്ചവാദ്യം അകമ്പടി സേവിയ്ക്കുമ്പോള്‍, കൊമ്പന്മാരായ ശ്രീധരനും, രവീകൃഷ്ണനും പറ്റാനകളാകും.

ക്ഷേത്രത്തിനകത്ത് നിറമാല, ചുറ്റുവിളക്ക് എന്നിവയ്ക്ക് പുറമെ, വൈകീട്ട് 6 ന് ഗുരുവായൂര്‍ മുരളിയും നയിയ്ക്കുന്ന സ്‌പെഷ്യല്‍ നാദസ്വരവും, 6.30 ന് ഭഗവതി ക്ഷേത്രനടയില്‍ ചെറുതാഴം ചന്ദ്രന്‍ മാരാരും, ചിറയ്ക്കല്‍ സുധീഷ് മാരാരും നയിയ്ക്കുന്ന ഡബ്ബിള്‍ തായമ്പകയും അരങ്ങേറും. രാത്രി 9 ന് വിശേഷാല്‍ നാദസ്വര ഇടയ്ക്കാ പ്രദക്ഷിണത്തോടെ വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തില്‍, നറുനെയ്യിന്റെ നിറശോഭയില്‍ കണ്ണന്റെ അകത്തളം തെളിഞ്ഞുനില്‍ക്കും. ക്ഷേത്രത്തിന് പുറത്ത് ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ കനറാ ബാങ്ക് സ്റ്റാഫ് പൂജ കമ്മറ്റി രക്ഷാധികാരി പി. വിനോദ്കുമാര്‍ ഭദ്രദീപം തെളിയിച്ച് കലാപിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിയ്ക്കും.
തുടര്‍ന്ന് രാവിലെ 6 മണിമുതല്‍ കനറാ ബാങ്ക് ജീവനക്കാരും, കുടുംബാംഗങ്ങളും അവതരിപ്പിയ്ക്കുന്ന സംഗീത കച്ചേരി, ഗുരുവായൂര്‍ ജ്യോതിദാസിന്റെ സോപാനസംഗീതം എന്നിവയും, രാവിലെ 8 മണിമുതല്‍ വൈകീട്ട് 4 മണിവരെ കനറാ ബാങ്ക് ജീവനക്കാരും, കുടുംബാംഗങ്ങളും അവതരിപ്പിയ്ക്കുന്ന ശാസ്ത്രീയ സംഗീതം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, നൃത്തനൃത്ത്യങ്ങള്‍, ഉപകരണ സംഗീതം എന്നിവയും ഉണ്ടായിരിയ്ക്കും. വൈകീട്ട് 6.10 ന് കിഴക്കേ നടയിലെ ബാങ്ക് മണ്ഡപത്തില്‍ തിരുവനന്തപുരം കനറാ ബാങ്ക് സര്‍ക്കിള്‍ ഓഫീസ് ജനറല്‍ മാനേജര്‍ എസ്. സുനില്‍കുമാര്‍ ഭദ്രദീപം തെളിയിയ്ക്കും. 47-ാമത് വിളക്കാഘോഷമാണ് ഈ വര്‍ഷം നടക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ചീഫ് മാനേജര്‍ പി. വിനോദ്കുമാര്‍, പി.ഇ. ശ്രീദേവി, യു. അജ്ഞന, എം. എസ്. ഭാസ്‌ക്കരന്‍, ഐ.എസ്. കരിഷ്മ, മുന്‍ മാനേജര്‍ പി. വിനോദ്കുമാര്‍ എന്നിവര്‍ അറിയിച്ചു.

