കാമ്പസ് തീവ്രവാദത്തിന്‍റെ ഡേറ്റകൾ സി.പി.എം പുറത്തു വിടണം : വി.ഡി. സതീശൻ
തിരുവനന്തപുരം: കാമ്പസുകളിൽ യുവതി-യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് സംബന്ധിച്ച എന്തെങ്കിലും ഡേറ്റകൾ ഉണ്ടെങ്കിൽ സി.പി.എം പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗുരുതരമായ ആരോപണമാണിത്. സി.പി.എം പുറത്തിറക്കിയ കുറിപ്പിലെ പരാമർശത്തെ ഗൗരവത്തോടെ കാണുന്നുവെന്നും സതീശൻ പറഞ്ഞു. ഈ വിഷയത്തിൽ തെളിവുണ്ടോ എന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും സി.പി.എം വ്യക്തമാക്കണം. അതിനുള്ള ഉത്തരവാദിത്തം സി.പി.എമ്മിനും സർക്കാറിനുമുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
നാർകോട്ടിക് ജിഹാദ് വിവാദം എല്ലാ സമുദായ നേതാക്കളെയും ഒരു മേശക്ക് ചുറ്റും ഇരുത്തുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുണ്ടെന്നാണ് സി.പി.എം പുറത്തിറക്കിയ കുറിപ്പിൽ പരാമര്‍ശിക്കുന്നത്. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. മുസ് ലിം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ് ലിം വര്‍ഗീയ-തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചു കൊണ്ടിരിക്കുന്നു.
മുസ് ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു ബി.ജെ.പി ശക്തി നേടുന്നത് തടയണം. ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലും തീവ്രവാദ ചിന്തയുള്ളവര്‍ വര്‍ധിക്കുന്നുണ്ട്. ഇതിനെതിരെ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ ജാഗ്രത പാലിക്കണമെന്നും പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നല്‍കിയ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു