Header 1 = sarovaram
Above Pot

കോഴിക്കോട് വിമാനത്താവളം: സർക്കാറുകൾ ട്രപ്പീസ് കളി അവസാനിപ്പിക്കണം , എം.കെ. രാഘവൻ എം പി

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ നവീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനങ്ങളെ വിഡ്ഢിയാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾ ട്രപ്പീസ് കളി അവസാനിപ്പിക്കണമെന്ന് എം.കെ രാഘവൻ എം.പി. യാത്രക്കാരുടെ സുരക്ഷയെയും നാടിന്റെ വികസനത്തെയും സാരമായി ബാധിക്കുന്ന വിഷയത്തിൽ ഇരു സർക്കാറുകളും കാണിക്കുന്ന നിസ്സംഗ സമീപനം ലജ്ജാകരമാണെന്നും എം.പി കുറ്റപ്പെടുത്തി.

Astrologer

റൺവേയുടെ നീളം കൂട്ടി സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പകരം സുരക്ഷ വർദ്ധിപ്പിക്കാനെന്ന പേരിൽ റൺവേയുടെ നീളം കുറക്കുമെന്ന് പറയുന്ന കേന്ദ്ര മന്ത്രി വ്യോമയാന മേഖലക്ക് തന്നെ പരിഹാസ്യമാണെന്നും എം.പി രൂക്ഷ വിമർശനം ഉന്നയിച്ചു.ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകുന്നത് സംസ്ഥാന സർക്കാർ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് മികച്ച നഷ്‌ട പരിഹാരം നൽകി, അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കൽ പൂർത്തിയാക്കി എയർപ്പോർട്ട് അതോറിറ്റിക്ക് ഭൂമി കൈമാറണമെന്ന് എം.കെ രാഘവൻ എം.പി മുഖ്യമന്ത്രിയോടും, റവന്യു മന്ത്രി കെ. രാജനോടും ആവശ്യപ്പെട്ടു.

ഭൂമിയേറ്റെടുക്കല്‍ നടപടിക്രമത്തിലെ കാലതാമസം സംബന്ധിച്ച അന്ത്യ ശാസനം കേന്ദ്ര വ്യോമയാന മന്ത്രി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ച പശ്ചാത്തലത്തിലാണ് വിഷയത്തിൽ എം.കെ രാഘവൻ എം.പി മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും ഇടപെടൽ വീണ്ടും ആവശ്യപ്പെട്ടത്.ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടിയന്തിരമായി ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറാത്തപക്ഷം ലക്ഷക്കണക്കിന് പ്രവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് പ്രയോജനകരമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേ നീളം കുറക്കുന്ന നിലപാടുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ട് പോകുമെന്നാണ് വ്യോമയാന മന്ത്രി വീണ്ടും സംസ്ഥാന സർക്കാരിനെ അറിയിച്ചത്.

അത്തരമൊരു നീക്കമുണ്ടായാല്‍ നിലവില്‍ താത്കാലികമായി നിര്‍ത്തലാക്കപ്പെട്ട വലിയ വിമാനങ്ങളുടെ സര്‍വ്വീസ് എന്നന്നേക്കുമായി നിര്‍ത്തലാക്കപ്പെടുകയും, നിലവിലുള്ള ചെറിയ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ പോലും പ്രതിസന്ധിയിലാവുകയും എയര്‍പ്പോര്‍ട്ടിന്റെ ഭാവി പോലും അവതാളത്തിലാക്കും. ഇത് സംസ്ഥാനത്തെ വടക്കന്‍ മേഖലക്ക് ഉണ്ടാക്കാനിരിക്കുന്ന പ്രത്യാഘാതങ്ങള്‍ വിവരണാതീതമാണെന്നും എം.പി വ്യക്തമാക്കി.

കോഴിക്കോട് വിമാനത്താവളത്തിന്‍റെ നിലനില്‍പ്പ് മലബാറിന്‍റെയും കേരളത്തിന്‍റെ തന്നെയും സാമൂഹ്യ, സാമ്പത്തിക, വാണിജ്യ, വിദ്യാഭ്യാസ, ടൂറിസം, ഐ.ടി, മെഡിക്കല്‍ തുടങ്ങിയ ഒട്ടനവധി മേഖലകളുടെ വികസനത്തെ സാരമായി ബാധിക്കുന്നതാണ്.ഭൂമിയേറ്റെടുക്കല്‍ വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിലവിൽ സ്വീകരിച്ച നടപടികളും പുരോഗതിയും ചൂണ്ടി കാണിച്ച്, ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സാവകാശം വ്യോമയാന മന്ത്രാലയത്തോട് തേടണമെന്നും എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

Vadasheri Footer