നഗരസഭയുടെ ബസ്സ് ടെർമിനിലിൻ്റെ നിർമാണോത്ഘാടനം നടത്തി
ഗുരുവായൂർ : തദ്ദേശ സ്വയംഭരണ സംവിധാനം അടിമുടി മാറ്റി ആധുനികവത്കരിച്ച് നവീകരിക്കാനുള്ള ചുവടുവെയ്പ്പാണ് സർക്കാർ നടത്തുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഏകീകൃത സോഫ്റ്റ് വെയർ സംവിധാനമായ കെ- സ്മാർട്ട് പ്രാവർത്തികമാക്കിയത് ഇതിൻ്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ നഗരസഭയുടെ ആധുനിക ബസ്സ് ടെർമിനിലിൻ്റെയും സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലക്സിൻ്റെയും നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
.
എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. മുൻ എംഎൽഎ പി ടി കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി. ഗുരുവായൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ സുധൻ, എ എം ഷഫീർ, എ എസ് മനോജ്, ഷൈലജ സുധൻ ,ബിന്ദു അജിത്ത് കുമാർ, എ സായിനാഥൻ,വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ, ഗവ. എഞ്ചിനീയറിംഗ് കോളേജ് ആർക്കിടെക്ച്ചർ ജോത്സന റാഫേൽ പി, കൗൺസിലർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
18.5 കോടി രൂപ ചിലവിൽ മൂന്ന് നിലകളിലായി 4777 സ്ക്വയർ മീറ്റർ ഏരിയായിലാണ് ആധുനിക രീതിയിൽ ബസ് ടെർമിനൽ നിർമ്മിക്കുന്നത്. ഷോപ്പ് റൂമുകൾ, വെയിറ്റിംഗ് ഏരിയ, എ.സി വെയിറ്റിംഗ് ഏരിയ, ബസ് പാർക്കിംഗ് ഏരിയ, ബസ് ഐഡിയൽ പാർക്കിംഗ്, ഓഫീസ് റൂമുകൾ, മൾട്ടിപർപ്പസ് ഹാളുകൾ, ലിഫ്റ്റുകൾ, എക്സിലേറ്ററുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്.
ഇതിനോട് ചേർന്നാണ് 2977 സ്ക്വയർ മീറ്റർ ഏരിയായിൽ മൂന്ന് നിലകളിലായി 8.08 കോടി രൂപ ചിലവിൽ സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നത്. ഷോപ്പ് റൂമുകളും, ഷോപ്പിംഗ് മാളും, ഫുഡ് ക്വാർട്ടും ഈ കോംപ്ലക്സിൽ വിഭാവനം ചെയ്യുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർമ്മാണ ചുമതല. രണ്ട് വർഷമാണ് നിർമ്മാണ കാലാവധി. പി കെ ശാന്തകുമാരി നഗര സഭ ചെയർ മാൻ ആയിരിക്കുമ്പോൾ തുടങ്ങി വെച്ച പദ്ധതിയാണ് ഇപ്പോൾ മന്ത്രി നിർമാണോൽഘാടനം നിർവഹിച്ച് സാക്ഷാത്കരിക്കുന്നത്