ബിജെപിയെ നേരിടാൻ ഒറ്റക്കെട്ടായി ‘ഇന്ത്യ’.
ബെംഗളുരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒറ്റക്കെട്ടായി ‘ഇന്ത്യ’. ബംഗളൂരുവിൽ ചൊവ്വാഴ്ച ചേർന്ന 26 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ വിശാല സഖ്യത്തിന് ‘INDIA’ എന്ന് പേരിടാൻ തീരുമാനമായി. ‘ഇന്ത്യൻ നാഷണൽ ഡെവലപ്മെന്‍റൽ ഇൻക്ലൂസീവ് അലയൻസ്‘ എന്നാണ് പൂര്‍ണ രൂപം. അടുത്ത പ്രതിപക്ഷനേതൃയോഗം മുംബൈയിൽ ചേരാനും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായി. 26 പാർട്ടികളുടെയും നേതാക്കൾ വിളിച്ച വാർത്താസമ്മേളനത്തിൽ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു.
നാശത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ കലാപത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ, ‘ഇന്ത്യ’ വരുന്നുവെന്ന് മമത ബാനർജി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയെ വെല്ലുവിളിക്കാൻ ധൈര്യമുണ്ടോ എന്ന് ചോദിച്ച് മമത എൻഡിഎയെ വെല്ലുവിളിക്കുന്നുവെന്നും രാജ്യത്തെ രക്ഷിക്കാൻ ‘ഇന്ത്യ’യെ വിളിക്കൂവെന്നും കൂട്ടിച്ചേർത്തു. ഇന്ത്യ ജയിക്കുമെന്നും ബിജെപി നശിക്കുമെന്നും പറഞ്ഞ മമത, ‘ഇന്ത്യ’ ജയിച്ചാൽ ജനാധിപത്യം ജയിക്കുമെന്നും പറഞ്ഞു. ഇത് രാജ്യത്തിന്‍റെ ശബ്ദം തിരിച്ച് പിടിക്കാനുള്ള സഖ്യമാണെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനാലാണ് സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടത്. ഇത് മോദിയും ‘ഇന്ത്യ’യും തമ്മിലുള്ള പോരാട്ടമാണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. എല്ലാം വിറ്റ് തുലയ്ക്കുകയാണ് കേന്ദ്ര സർക്കാരെന്ന് അരവിന്ദ് കെജ്രിവാൾ വിമർശനം ഉന്നയിച്ചു. ഞങ്ങൾ ജനങ്ങൾക്കൊപ്പമുണ്ടെന്ന് ഉറപ്പ് നൽകാൻ വന്നതാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
11 നേതാക്കളടങ്ങിയ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായതായി മല്ലികാർജുൻ ഖർഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോർഡിനേഷൻ കമ്മിറ്റിയിൽ ആരെല്ലാം വേണമെന്ന കാര്യം അടുത്ത മുംബൈ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അഭിപ്രായവ്യത്യാസങ്ങളെല്ലാം തൽക്കാലം മാറ്റി വയ്ക്കുന്നുവെന്നും ഖർഗെ പറഞ്ഞു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തും ഭരണഘടനയെ അട്ടിമറിച്ചുമാണ് ബിജെപി ഭരണം തുടരുന്നത്. ജനാധിപത്യം സംരക്ഷിക്കാനാണ് അഭിപ്രായഭിന്നതകൾ മാറ്റി വച്ച് ഒന്നിച്ചതെന്നും ഖർഗെ കൂട്ടിച്ചേർത്തു. യോഗത്തിൽ പങ്കെടുത്ത നേതാക്കളിൽ പലരും ശ്രദ്ധേയമായ നിർദേശങ്ങൾ മുന്നോട്ട് വച്ചുവെന്നും മല്ലികാർജുൻ ഖർഗെ അറിയിച്ചു.