Above Pot

കുറ്റവിമുക്തനായ ബിഷപ് ഫ്രാങ്കോ മുളക്കലിന് ജന്മനാട്ടിൽ വൻ സ്വീകരണം

ഗുരുവായൂർ : കന്യാസ്ത്രിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജന്‍മനാട് ആയ മറ്റത്ത് വൻ സ്വീകരണം. കോടതി വിധിക്ക് ശേഷം കോട്ടയത്ത് നിന്ന് വെള്ളിയാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ മറ്റത്ത് എത്തിയത്. മറ്റം സെന്റ് തോമസ് ഫൊറോന ഇടവക സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തിയ മാതാപിതാക്കളുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുമെന്ന് കോട്ടയത്ത് വെച്ച് ബിഷപ്പ് വ്യക്തമാക്കിയിരുന്നു.

Astrologer

ഇതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളും, ഇടവക വിശ്വാസികളും, വൈദികരും ഉള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് മറ്റത്ത് ബിഷപ്പ് ഫ്രാങ്കോയെ സ്വീകരിക്കാനായി എത്തിയത്. സെമിത്തേരിയുടെ മുന്നില്‍ വാഹനത്തിലെത്തിയ ഫ്രാങ്കോയെ ബൊക്കെയും, പുഷ്പങ്ങളും നല്‍കിയാണ് ബന്ധുക്കളും സുഹൃത്തുക്കളും വിശ്വാസികളും സ്വീകരിച്ചത്. പിന്നീട് കല്ലറയില്‍ ബിഷപ്പ് ഒപ്പീസ് ചൊല്ലി. ഇടവക ദേവാലയത്തിലേക്ക് എത്തിയ ബിഷപ്പിനെ വികാരി ഫാ.ഫ്രാങ്കോ കവലക്കാട്ടിന്റെ നേതൃത്വത്തില്‍ സഹവികാരിയും കൈക്കാരന്‍മാരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു.

പടക്കവും കതിനവെടിയും ഉള്‍പ്പെടെ പൊട്ടിച്ചായിരുന്നു മാതൃ ഇടവകയിലേക്ക് ഫ്രാങ്കോ മുളയ്ക്കലിനെ വരവേറ്റത്. തുടര്‍ന്ന് ദേവാലയത്തില്‍ നടന്ന ആരാധനയ്ക്ക് ഫ്രാങ്കോ മുളയ്ക്കല്‍ നേതൃത്വം നല്‍കി. ജന്‍മനാട്ടിലെത്തിയ ഫ്രാങ്കോ മുളയ്ക്കല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ തൃശൂരിലേക്ക് മടങ്ങുകയും ചെയ്തു.

Vadasheri Footer