Header 1 = sarovaram
Above Pot

ബിനോയ് കോടിയേരിയുടെ പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു.

മുംബൈ: സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്കെതിരേ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി. ഇരുവരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തി എന്ന് കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ല എന്ന് കോടതി അറിയിച്ചു.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പ് കരാറില്‍ തങ്ങളുടെ കുട്ടി വളര്‍ന്നു വരികയാണ് എന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചത് എന്നുമാണ് ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയില്‍ പറയുന്നത്.

ഇക്കാര്യം പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണം എന്നായിരുന്നു ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ക്രിമിനല്‍ കേസാണ് എന്നും ഒത്തുതീര്‍ക്കാന്‍ കഴിയില്ല എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍.ആര്‍. ഭോര്‍ക്കര്‍ എന്നിവര്‍ പറഞ്ഞു.

Astrologer

ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണ് എന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ട്. രണ്ടാമതായി ഇരുവരും വിവാഹിതരായതാണോ എന്ന് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ചോദിച്ചപ്പോള്‍, വിവാഹം ചെയ്തിട്ടില്ല എന്നാണ് ബിനോയി കോടിയേരിയുടെ അഭിഭാഷകന്‍ പറഞ്ഞത്.
ഇതോടെ വിവാഹിതരാണോ എന്ന കാര്യത്തിലെ തര്‍ക്കം പരിഹരിച്ച ശേഷം കേസ് തീര്‍ക്കണമോ എന്ന കാര്യം പരിഗണിക്കാമെന്നും ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ല എന്നും ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അറിയിക്കുകയായിരുന്നു. യുവതി മൂന്ന് വര്‍ഷം മുമ്പ് നല്‍കിയ കേസ് കള്ളക്കേസായിരുന്നു എന്നാണ് ബിനോയി കോടിയേരി കോടതിയില്‍ ഇതുവരെ വാദിച്ചിരുന്നത്.
കുട്ടി ബിനോയ് കോടിയേരിയുടേത് തന്നെയാണോ എന്ന് കണ്ടെത്താന്‍ പരിശോധിച്ച ഡി എന്‍ എ പരിശോധന ഫലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഈ പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനിടയിലാണ് കേസ് റദ്ദാക്കാനുള്ള ആവശ്യവുമായി ഇരുവരും ഹൈക്കോടതിയില്‍ എത്തിയത്.

Vadasheri Footer