ഗുരുവായൂരിൽ സ്വർണ ലോക്കറ്റ് വിറ്റ ലക്ഷങ്ങൾ നഷ്ടപ്പെട്ട സംഭവം, ദേവസ്വം ഭരണ സമിതി പിരിച്ചു വിടണം: ഹിന്ദു ഐക്യവേദി
തൃശൂര്‍: അഴിമതിയുടെ കൂത്തരങ്ങായ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഗുരുവായൂരപ്പന്റെ ലോക്കറ്റ് വില്‍പ്പനയില്‍ ദശലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. ചാവക്കാടുള്ള ദേവസ്വം ഭൂമി റോഡിന് വേണ്ടി വിട്ടുകൊടുക്കുന്നതും 10 കോടി രൂപ സര്‍ക്കാരിലേക്ക് കൊടുത്തതും അത് വിലക്കിയ കോടതി വിധിക്കെതിരെ 16 ലക്ഷം മുടക്കി സുപ്രീംകോടതിയില്‍ വക്കീലിനെ വയ്ക്കുന്നതും ദേവസ്വം ബോര്‍ഡിന്റെ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ദേവഹിതവും ഭക്തതാല്‍പര്യവും മാനിക്കാത്ത ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി പിരിച്ചുവിട്ട് ക്ഷേത്രവിരുദ്ധ ഭരണം അവസാനിപ്പിച്ചില്ലെങ്കില്‍ ഭക്തജന പ്രക്ഷോഭവുമായി മുന്നോട്ട് പോകും.
പത്ത് കോടി രൂപ സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഭരണസമിതി തീരുമാനം ദേവസ്വം നിയമത്തിന് വിരുദ്ധമാണെന്നും ആ തുക ദേവസ്വം തിരികെ വാങ്ങണമെന്നുമുള്ള ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിന് പകരം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് വക്കീല്‍ ഫീസായി വീണ്ടും 16 ലക്ഷം രൂപ ദേവസ്വം ഫണ്ടില്‍ നിന്ന് നല്‍കിയ നടപടി നീതീകരിക്കാനാവാത്തതാണ്.
ദേവസം ഭരണസമിതി അംഗങ്ങള്‍ക്കിടയിലും, ഭരണസമിതിയും ജീവനക്കാരും തമ്മിലുമുള്ള ഗ്രൂപ്പ് പോര് ഭരണനിര്‍വഹണത്തെ കാര്യമായി ബാധിച്ചിരിക്കുന്നു. ക്ഷേത്രം തന്ത്രിയെയും ക്ഷേത്ര ആചാരങ്ങളും, വിശ്വാസങ്ങളും, വിശ്വാസികളെയും മുഖവിലക്കെടുക്കാതെയുള്ള ദേവസ്വം ചെയര്‍മാന്റെ പ്രവര്‍ത്തനം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.