
ഭക്തി സാന്ദ്രമായി ഗുരുവായൂരപ്പന്റെ പള്ളിവേട്ട. തിങ്കളാഴ്ച്ച ആറാട്ട്.

ഗുരുവായൂർ : ഭക്തി സാന്ദ്രമായഗുരുവായൂർ ഉത്സവത്തിലെ പള്ളി വേട്ട ദിനത്തിൽ ഭഗവാൻ ഗ്രാമപ്രദക്ഷിണത്തിനായി ക്ഷേത്രമതില്‍കെട്ടിന് പുറത്തേക്കിറങ്ങി. നാടും, നഗരവും ഈ സമയം കൊടിതോരണങ്ങളോടെ നിലവിളക്കും, നിറപറയും വെച്ചാണ് ഭഗവാനെ സ്വീകരിച്ചത്. ഗ്രാമപ്രദക്ഷിണത്തിന് ശ്രീഗുരുവായൂരപ്പന് പുറത്തേയ്ക്കിറങ്ങിയപ്പോള്‍, ആധ്യാത്മിക നഗരി ആത്മനിര്‍വൃതിയില്‍ പുളകചാര്‍ത്തണിഞ്ഞു.

വൈകീട്ടത്തെ ദീപാരാധനക്ക് ശേഷം അഞ്ചാനകളോടേയുള്ള എഴുന്നെള്ളിപ്പോടെയാണ് തന്റെ പ്രജകളെ കാണാനായി ഭഗവാൻ ഗ്രാമപ്രദക്ഷിണത്തിനായി ക്ഷേത്ര മതില്കെട്ടിന് പുറത്തിറങ്ങിയത്. സ്വര്‍ണ്ണക്കോലത്തില്‍ വെള്ളിപൊതിഞ്ഞ പീഠത്തിലെ തങ്കവിഗ്രഹം, അസ്തമനസൂര്യന്റെ പൊന്കിരണത്താല് പ്രഭാപൂരിതമായപ്പോള്‍, ഭക്തജനസഹസ്രം ആത്മനിര്‍വൃതിയില്‍ ഭഗവാനെ എതിരേറ്റു. പള്ളി വേട്ട ദിനത്തിലും ആറാട്ട് ദിവസവും ക്ഷേത്രം കൊടിമരത്തറക്ക് സമീപമാണ് ഭഗവാന് ദീപാരാധന. സ്വര്ണ്ണപഴുക്കാമണ്ഡപത്തിലെഴുെന്നള്ളിയ ഭഗവാനെ ഈ രണ്ടുദിവസങ്ങളിലും ക്ഷേത്രത്തില്‍ ശാന്തിയേറ്റ കീഴ്ശാന്തിമാരാണ് ദീപാരാധന നടത്തുക. ഇന്ന് നടന്ന ദീപാരാധന, ശാന്തിയേറ്റ കീഴ്ശാന്തി നാകേരി ഹരിനമ്പൂതിരി നിര്‍വ്വഹിച്ചു.

ദീപാരാധനക്ക് ശേഷം ഭഗവാന് പുറത്തേയ്ക്കെഴുന്നെള്ളിയപ്പോള്, ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ കൊമ്പന് ഇന്ദ്രസെന്‍, തങ്കതിടമ്പേറ്റിയ ഭഗവാന്റെ സ്വര്‍ണ്ണകോലം ശിരസ്സിലേയ്ക്ക് ഏറ്റുവാങ്ങി. ദേവസ്വത്തിലെ കൊമ്പന്മാരായ വലിയ വിഷ്ണു, കൃഷ്ണനാരായണന്‍, ബാലു, ദേവദാസ് എന്നിവര്‍, പുറത്തേയ്ക്കെഴുന്നെള്ളിപ്പില്‍ ഇടംവലം പറ്റാനകളായി. വാദ്യകുലപതികളായ പെരുവനം കുട്ടന്മാരാര്, തിരുവല്ല രാധാകൃഷ്ണന്, ചൊവ്വല്ലൂര്‍ മോഹന്‍ എന്നിവരുടെ പാണ്ടിമേള പ്രമാണത്തില്‍ രാജകീയ പ്രൗഢിയോടേയുള്ള ഭഗവാന്റെ പുറത്തേക്കെഴുെള്ളിപ്പിനെ, ഭക്തജനസമുദ്രം തൊഴുകൈകളോടെ നമിച്ചു. ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളരിയിലെ കലാകാരന്മാരുടെ വേഷവും ഗ്രാമപ്രദക്ഷിണത്തിന് പകിട്ടേകി. ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കിയ ഭഗവാന്, പിന്നീട് പള്ളിവേട്ടക്കിറങ്ങി. പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ മൃഗങ്ങളെ വേട്ടയാടാനാണ് ഭഗവാന് പള്ളിവേട്ടക്ക് പോകുതൊണ് സങ്കല്‍പ്പം. പള്ളിവേട്ടക്ക് പിടിയാന ദേവി ഭഗവാന്റെ തിടമ്പേറ്റി, ഒമ്പതുപ്രദക്ഷിണം പൂര്‍ത്തിയാക്കി. പള്ളിവേട്ടയുടെ ക്ഷീണത്താല്‍, നാലമ്പലത്തിനകത്തെ നമസ്ക്കാരമണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ കട്ടിലിലായിരുന്നു, ഭഗവാന്റെ പള്ളിയുറക്കം.

പള്ളിവേട്ടയുടെ ആലസ്യത്തില്‍ കിടുറങ്ങുന്ന ഭഗവാന്റെ ഉറക്കത്തിന് വിഘ്നം സംഭവിക്കാതിരിക്കാന്‍, ക്ഷേത്രത്തിലെ നാഴികമണി രാത്രി ശബ്ദിക്കി ല്ല. വര്‍ഷത്തില്‍ ഈ ദിവസം മാത്രമാണ് രാത്രി നാഴികമണി അടിക്കാതിരിക്കുത്. രാവിലെ പശുകിടവിന്റെ കരച്ചില് കേട്ടാണ് ഭഗവാന് പള്ളിയുറക്കത്തില്‍ നിന്നുമുണരുക . അതിനായി രാത്രി ക്ഷേത്രത്തിനകത്ത് പശുകിടാവിനെ തയ്യാറാക്കിനിർത്തും

ഉത്സവത്തിന്റെ അതിപ്രധാനമായ ഭഗവാന്റെ ആറാട്ട് ദിനത്തിൽ ദീപാരാധനക്ക് ശേഷം ഭഗവാന് ജന പഥ ത്തിലേക്ക് ഇറങ്ങും വാദ്യകുലപതികള്‍ പങ്കെടുക്കുന്ന പഞ്ചവാദ്യത്തോടേയാണ് ഭഗവാന് ഇന്ന് ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കിറങ്ങുന്നത്. ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളിയിലെ കലാകാരന്മാരുടെ വേഷം ഗ്രാമപ്രദക്ഷിണത്തിന് അകമ്പടിയാകും.
ഗ്രാമപ്രദക്ഷിണത്തിന് ശേഷം ഭഗവതിമാടത്തിലൂടെ ആറാട്ടുകടവില്‍ എത്തുന്ന ഭഗവാന്റെ പഞ്ചലോഹ തിടമ്പ്, മഞ്ഞള്‍ അഭിഷേകത്തിന് ശേഷം രുദ്രതീര്‍ത്തത്തില്‍ ആറാടും. ഭഗവാന്റെ ആറാട്ടിന് ശേഷം, ഭക്തര്‍ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ആത്മസായൂജ്യം നേടും. പിന്നീട് ക്ഷേത്രത്തിനകത്ത് ആന പുറമേറിയഭഗവാന്‍, 11-പ്രദക്ഷിണം ഓടി പൂര്‍ത്തിയാക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രിമുഖ്യന്‍ സ്വര്‍ണ്ണകൊടിമരത്തില്‍ ഉയര്‍ത്തിയ സപ്തവര്‍ണ്ണകൊടി ഇറക്കുന്നതോടെ ഈ വര്‍ഷത്തെ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് പരിസമാപ്തിയാകും.
