Header 1 = sarovaram
Above Pot

ബഷീറിന്റെ അപകട മരണം ,സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

കൊച്ചി: മാദ്ധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ മന:പൂർവം കൊലപ്പെടുത്തിയതാണെന്നും കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നുമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. സഹോദരനായ മലപ്പുറം തിരൂർ സ്വദേശി കെ.എം. അബ്ദു റഹ്മാനാണ് ഹർജി നൽകിയത്. കേസിലെ രണ്ടാം പ്രതി വഫ ഫിറോസുമായി ശ്രീറാമിനുള്ള ബന്ധത്തെക്കുറിച്ച് ബഷീറിന്റെ പക്കൽ തെളിവുകളുണ്ടായിരുന്നു.

Astrologer

കൊല്ലപ്പെട്ട ദിവസം ബഷീർ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയിൽ നിന്ന് മടങ്ങുന്ന വഴി ഒരു കോഫി ഷോപ്പിനു സമീപത്തു വച്ച് സംശയകരമായ സാഹചര്യത്തിൽ ശ്രീറാമിനെയും വഫയെയും കണ്ടെന്നും ഇതു മൊബൈലിൽ പകർത്തിയെന്നും ഹർജിയിൽ പറയുന്നു. ഇതു കൈവശപ്പെടുത്താൻ ശ്രീറാം ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വൈരാഗ്യത്തിൽ മനപ്പൂർവം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയതിൽ ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ഹർജിയിൽ പറയുന്നു.

കേസിൽ നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമല്ലെന്നും യാഥാർത്ഥ്യം കണ്ടെത്താൻ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. പ്രതി മദ്യപിച്ചിരുന്നോ എന്ന പരിശോധന നടത്താൻ പോലും പൊലീസ് തയ്യാറായില്ല. ബഷീറിന് രണ്ടു മൊബൈലുകൾ ഉണ്ടായിരുന്നു. ഇതിലൊന്നു മാത്രമാണ് തിരിച്ചു കിട്ടിയത്. റെഡ് മി കമ്പനിയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുത്തിട്ടില്ല. പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്നതിനു തെളിവാണിതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

Vadasheri Footer