ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഉഡായിപ്പിന് തടയിട്ട് ഉപഭോക്തൃ കോടതി
തൃശൂർ: അമേരിക്കൻ യാത്രക്കിടെ അസുഖം ബാധിച്ച് തുടർന്ന് സമർപ്പിക്കപ്പെട്ട ക്ളെയിം നിഷേധിക്കപ്പെട്ടതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.കൂർക്കഞ്ചേരി സോമിൽ റോഡിലുള്ള സതീഭവനിലെ മേൽവീട്ടിൽ സുകുമാരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഈസ്റ്റ് ഫോർട്ടിലെ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്.
സുകുമാരൻ അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ടാണ് പോളിസി എടുത്തതു്. അമേരിക്കയിൽ വെച്ച് സുകുമാരൻ അസുഖബാധിതനാവുകയും ചികിത്സ തേടുകയും ചെയ്തു.ചികിത്സാർത്ഥം 2243 യു എസ് ഡോളറാണ് ചിലവഴിക്കേണ്ടിവന്നതു്. ക്ളെയിം സമർപ്പിച്ചുവെങ്കിലും അനുവദിക്കുകയുണ്ടായില്ല. മൂന്ന് വർഷം മുമ്പേ ഉണ്ടായിരുന്ന ആർത്രൈറ്റിസിനും ഒരു മാസം മുമ്പ് ഇന്ത്യയിൽ വെച്ചുണ്ടായ പരിക്കുകൾക്കുമായിരുന്നു ഹർജിക്കാരൻ ചികിത്സ നടത്തിയതെന്നും അതിനാൽ ക്ളെയിം പ്രകാരം സംഖ്യ നൽകേണ്ട ബാധ്യതയില്ലെന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം.
ഇൻഷുറൻസ് കമ്പനിയുടെ വാദം ശരിയല്ലെന്ന് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കമുള്ള തെളിവുകൾ സുകുമാരൻ കോടതി മുമ്പാകെ ഹാജരാക്കി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 2243 യു എസ് ഡോളറിന് തത്തുല്യമായ ഇന്ത്യൻ രൂപയും ആയതിന് പരാതി തിയ്യതി മുതൽ 4% പലിശയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി