ബിനോയുടെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി , വിധി നാളെ
മുംബൈ: ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, ജാമ്യാപേക്ഷയിലെ വാദം മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. വാദത്തിനിടെ ഡിഎന്‍എ പരിശോധനയെ ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുമ്ബോള്‍ ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്നായിരുന്നു അഭിഭാഷകന്‍ വാദിച്ചത്.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹ രേഖകള്‍ വ്യാജമാണ്. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ബലാത്സംഗ കുറ്റം ആരോപിക്കാനുള്ള തെളിവില്ല. ആദ്യം നല്‍കിയ പരാതിയില്‍ ബലാത്സംഗ ആരോപണമില്ല. യുവതിയും മറ്റൊരാളും കൂടിയുള്ള സ്വകാര്യ ചിത്രങ്ങളും പ്രതിഭാഗം ഹാജരാക്കി. ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ബിനോയിയുടെ പിതാവ് മുന്‍ മന്ത്രിയാണെന്ന കാര്യം പരിഗണിക്കേണ്ടതില്ല. കോടിയേരി ബാലകൃഷ്ണന് കേസുമായി ബന്ധമില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ആദ്യ വിവാഹത്തെക്കുറിച്ച് മറച്ചുവച്ചാണ് ബിനോയ് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. ബിനോയ് നല്‍കിയ വിസയും ടിക്കറ്റും ഉപയോഗിച്ചാണ് യുവതി ദുബായിലേക്ക് പോയത്. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണിപ്പെടുത്തി. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ബിനോയ് തെളിവുകള്‍ നശിപ്പിക്കുമെന്നും യുവതിക്കായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
ഇന്നലെ കേസ് പരിഗണിച്ച കോടതി ഇരു ഭാഗത്തിന്റെയും വാദം വിശദമായി കേട്ട ശേഷം വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. നേരത്തെ കേസില്‍ യുവതി വാദങ്ങള്‍ അഭിഭാഷകന്‍ മുഖേനെ എഴുതി നല്‍കിയിരുന്നു. യുവതിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകള്‍ ഉള്‍പ്പെടെയുളള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന് മറുപടി പറയാന്‍ സാവകാശം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം 27ന് കേസ് പരിഗണിച്ചപ്പോള്‍ ബിനോയിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്ബിള്‍ ശേഖരിക്കണം. ബിനോയിക്കെതിരെയുള്ളത് ഗുരുതര കുറ്റമായതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ കെട്ടിച്ചമച്ച കേസാണിതെന്നാണ് ബിനോയ് വാദിച്ചത്