“ആയുഷ്മാൻ ഭവ :” ജില്ലയിൽ തുടക്കമായി
ചാവക്കാട് : ആരോഗ്യ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യ സേവനങ്ങളും പദ്ധതികളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ തട്ടിലും എത്തിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങിവെക്കുന്ന “ആയുഷ്മാൻ ഭവ” ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം . ടി.എൻ പ്രതാപൻ എം.പി നിർവ്വഹിച്ചു. രോഗി സുരക്ഷാ സന്ദേശ പോസ്റ്റർ പ്രകാശനവും അദ്ദേഹം വേദിയിൽ വച്ച് നടത്തി. ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ മുഖ്യാതിഥി ആയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി ശ്രീദേവി രോഗീസുരക്ഷാ, അവയവ ദാന പ്രതിജ്ഞകൾ ചൊല്ലി കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ പി “ആയുഷ്മാൻ ഭവ” പദ്ധതി വിശദീകരണം നടത്തി. മൂന്നു ഘടകങ്ങളിലൂടെയാണ് ആയുഷ്മാൻ ഭവ പരിപാടി നടപ്പിലാക്കുന്നത്.
അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും ആയുഷ്മാൻ കാർഡ് വിതരണം ചെയ്യുന്ന ആയുഷ്മാൻ ആപ്‌കെ ദ്വാർ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ആഴ്ചകൾ തോറും സംഘടിപ്പിക്കുന്ന ആയുഷ്മാൻ മേള, വിവിധ ആരോഗ്യ സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും പൊതു ജനങ്ങൾക്ക് അറിവ് പകരുന്നതിനായി വാർഡ് തലത്തിൽ സംഘടിപ്പിക്കുന്ന ആയുഷ്മാൻ സഭ എന്നിവയാണ് ഇവ. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതവും ആർദ്രം നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് എച്ച്. ദാസ് ചടങ്ങിൽ നന്ദിയും പറഞ്ഞു.
ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാരക്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ ലത്തീഫ്, കൗൺസിലർമാരായ കെ.വി. സത്താർ, എം.ബി പ്രമീള, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ജയന്തി ടി.കെ., ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ , ജില്ലാ എജുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഇൻ ചാർജ്ജ് സോണിയ ജോണി പി, ടി.എ രാജു കെ.ആർ, സി.ഡി.പി.ഒ യമുന, എന്നിവർ സംസാരിച്ചു. ചടങ്ങിനോടാനുബന്ധിച്ചു ആയുഷ്മാൻ ഭവ: ദേശീയതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണം പ്രദർശിപ്പിച്ചു.