അവധി ദിനങ്ങളിലും ഗുരുവായൂർ ക്ഷേത്രത്തിൽ ചട്ടപ്പടി, ഭക്തർ വലയുന്നു.

ഗുരുവായൂർ : അവധി ദിനങ്ങളിലും ഗുരുവായൂർ ക്ഷേത്രത്തിൽ ചട്ടപ്പടി മാത്രം ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കു ന്നതിനാൽ ഭക്തർ വലയുന്നു . അവധി ദിനങ്ങളിൽ ഭക്തരുടെ വൻ തള്ളിച്ചയാണ് അനുഭവപ്പെടുന്നത് . ഇത് കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാൻ ദേവസ്വം തയ്യാറല്ല . മൂന്നും നാലും മണിക്കൂർ വരിയിൽ നിന്ന് തൊഴുത് ഇറങ്ങുന്ന ഭക്തർ വഴിപാട് ശീട്ടാക്കാനും മണിക്കൂറുകൾ വരിയിൽ നിൽക്കണം .

.ഇത് കാരണം പലർക്കും സമയത്തിന് മടങ്ങാൻ കഴിയുന്നില്ല . തിരക്കുള്ള ദിവസങ്ങളിൽ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടിയാൽ ഭക്തരുടെ പ്രശ്‌നം അവസാനിക്കുമെങ്കിലും വരുന്ന ഭക്തരെ എങ്ങിനെയൊക്കെ ബുദ്ധിമുട്ടിക്കാൻ കഴിയുമെന്ന ഗവേഷണത്തിലാണ് ദേവസ്വം അധികൃതർ എന്ന ആക്ഷേപമാണ് ഭക്തർ ഉയർത്തുന്നത് .

അതെ സമയം ഇന്ന് വരിയിൽ നിലക്കാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 2250 പേരാണ്. ഇത് വഴി ക്ഷേത്രത്തിലേക്ക് ലഭിച്ചത് 21,93,500 രൂപയാണ് .6,78,822 രൂപയുടെ പാൽ പായസവും ,2,41,290 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി . തുലാഭാരം വഴിപാട് വഴി 21,14,210 രൂപയും ലഭിച്ചു .62 വിവാഹങ്ങളും ,764 ചോറൂണും ക്ഷേത്രത്തിൽ നടന്നു . ഭണ്ഡാര ഇതര വരുമാനമായി 70,73,921 രൂപയാണ് ഞായറാഴ്ച ലഭിച്ചത് .