Header 1 vadesheri (working)

അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബൈയിൽ സംസ്കരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബൈയിൽ സംസ്കരിച്ചു. ദുബൈ ജബൽ അലി ഹിന്ദു ക്രിമേഷൻ സെന്ററിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് 5.30നായിരുന്നു സംസ്കാരം. സഹോദരൻ രാമപ്രസാദ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഭാര്യ ഇന്ദിര രാമചന്ദ്രൻ, മകൾ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അര്‍ജുന്‍ എന്നിവരും അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും മാത്രമാണ് സംസ്‌കാര ചടങ്ങുകളില്‍ സംബന്ധിച്ചത് .മരണശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ദുബായ് സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടന്നത്

First Paragraph Rugmini Regency (working)

:ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളി മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ വ്യക്തിയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍ വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലുകളുമായി ജീവിച്ചുപോന്ന ആ പ്രവാസി വ്യവസായി ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് മൻഖൂൽ ആസ്റ്റർ സ്വകാര്യ ആസ്പത്രിയില്‍ മരിച്ചത്. വൈശാലി ഉള്‍പ്പെടെ ഒട്ടേറെ മികച്ച സിനിമകളുടെ നിര്‍മ്മാതാവായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍.

Second Paragraph  Amabdi Hadicrafts (working)

ഗള്‍ഫ് നാടുകളിലെ പ്രശസ്തമായ അറ്റ്ലസ് ജ്യുവലറിയുടെ മാനേജിങ് ഡയറക്ടറായിരുന്ന രാമചന്ദ്രന്‍ പിന്നീട് അറ്റ്ലസ് രാമചന്ദ്രനായി മാറിയത് അദ്ദേഹത്തിന്റെ വ്യാപാര വിജയത്തെ തുടര്‍ന്നായിരുന്നു. സിനിമാ നിര്‍മ്മാതാവ്, നടന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ശോഭിച്ച അദ്ദേഹത്തിന് ബിസിനസ്സില്‍ വന്ന പിഴവുകളെ തുടര്‍ന്ന് 2015 ഓഗസ്റ്റിലാണ് ജയിലിലാവുന്നത്. രണ്ടേമുക്കാല്‍ വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായെങ്കിലും കോടികളുടെ കടബാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലേക്ക് വരാനായില്ല.
തന്റെ അററ്ലസ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള കാലമത്രയും അദ്ദേഹം. പക്ഷെ നല്ല പങ്കാളികളെ കിട്ടാത്തതിനാല്‍ ആ ശ്രമം വിജയം കണ്ടില്ല.

ഗുരുവായൂരിനടുത്ത മധുക്കര സ്വദേശിയായ രാമചന്ദ്രന്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ബികോം പാസ്സായശേഷം ഇന്ത്യയില്‍ ബാങ്കുദ്യോഗസ്ഥനായിരിക്കെയാണ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ഓഫീസറായി ചേര്‍ന്നത്. പിന്നീട് ഇന്റര്‍നാഷണല്‍ ഡിവിഷന്‍ മാനേജരായി സ്ഥാനകയറ്റം നേടി. തുടര്‍ന്നാണ് സ്വര്‍ണ വ്യാപാരത്തിലേക്ക് കടക്കുന്നത്. കുവൈറ്റില്‍ ആറ് ഷോറൂമുകള്‍ വരെയായി വ്യാപാരം വ്യാപിപ്പിച്ചു. എന്നാല്‍ 1990 ഓഗസ്റ്റ് 2 നാണ് സദാം ഹുസൈന്‍ കുവൈറ്റില്‍ അധിനിവേശം നടത്തിയതോടെ എല്ലാം കൊള്ളയടിക്കപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം ദുബായിലെത്തുന്നത്. പിന്നീട്‌ ദുബായില്‍ ആദ്യ ഷോറൂം തുറന്നു. യുഎഇയില്‍ 19 ഷോറൂമുകള്‍ വരെയായി. മറ്റുരാജ്യങ്ങളിലേക്കും വ്യാപാരം വര്‍ദ്ധിപ്പിച്ചു.

എന്നാല്‍ ഇതിനിടയിലാണ് ചില ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ രൂപമെടുത്തത്. 2015 ആഗസ്റ്റ് 23 ന് ഇതിനായി ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം കസ്റ്റഡിയിലായി. പിന്നീട് ജയില്‍ ശിക്ഷയും നേരിടേണ്ടി വന്നു. നിയമപോരാട്ടങ്ങള്‍ക്കും ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ക്കും ഒടുവില്‍ രണ്ടേ മുക്കാല്‍ വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം പിന്നീട് പുറം ലോകം കാണുന്നത്. അപ്പോഴേക്കും മിക്കവാറും സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു. മസ്‌കറ്റിലുള്ള ആശുപത്രി വിറ്റായിരുന്നു തല്‍ക്കാലം ബാങ്കുകളുടെ കുടിശ്ശികയുടെ ഒരു ഭാഗം അടച്ചുതീര്‍ത്തത്. കേരളത്തിലെ മറ്റൊരു സ്വർണ വ്യാപാര ഗ്രൂപ്പിന് ദുബായിൽ വേരുറപ്പിക്കാൻ വേണ്ടി ആസൂത്രിതമായി അറ്റ്‌ലസ് രാമചന്ദ്രനെ കുടുക്കിയതാണ് എന്ന ആരോപണം അന്ന് ഉയർന്നിരുന്നു. അത് ശരി വെക്കുന്ന രീതിയിലാണ് പിന്നീട് ഉണ്ടായ സംഭവ വികാസങ്ങൾ എല്ലാം . ഒരിക്കലും തിരിച്ചു വരാത്ത വിധം അദ്ദേഹത്തിന്റെ പതനം പൂർത്തിയായ ശേഷമാണു ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞത് തന്നെ

യുഎഇ യിലുള്ള ഷോറൂമുളിലെ സ്വര്‍ണ്ണമെല്ലാം അതിനിടെ പല രീതിയില്‍ കൈമോശം വന്നു. പുറത്തിറങ്ങിയ ശേഷവും തന്റെ അറ്റ്ലസിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ആത്മകഥ എഴുതിയും അക്ഷരശ്ലോകത്തിലൂടെ സന്തോഷം കണ്ടെത്തിയും തന്റെ പ്രയാസങ്ങളെ മറികടക്കാന്‍ ശ്രമിച്ച അദ്ദേഹം ദുബായിലെ പൊതു വേദികളിലും സാംസ്‌കാരിക സദസ്സുകളിലുമെല്ലാം ഏറെ സജീവമായി പങ്കെടുത്തുവരികയായിരുന്നു. പ്രശ്നങ്ങളെല്ലാം തീര്‍ത്ത് എന്നെങ്കിലും തന്റെ സ്വന്തം തൃശൂരിലേക്ക് മടങ്ങണമെന്ന മോഹം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിയോഗം.