ആശുപത്രികളില്‍ കോവിഡ് മോക് ഡ്രില്‍
ന്യൂ ഡെൽഹി രാജ്യത്ത് ഞായറാഴ്ചയും പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരത്തിനു മുകളില്‍. 5,357 കോവിഡ് കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍നിന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 6155 പേര്‍ക്കായിരുന്നു ശനിയാഴ്ച കോവിഡ് ബാധിച്ചത്.
നിലവില്‍ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 32,814 ആയി. കോവിഡ് ബാധിച്ച് 11 മരണവും രാജ്യത്തുണ്ടായി. 3,726 പേര്‍ രോഗമുക്തരായി. രാജ്യത്ത് മിക്കവാറും സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതകരുടെ എണ്ണം ഉയരുകയാണെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
തയ്യാറെടുപ്പുകളുടെ ഭാഗമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാജ്യവ്യാപകമായി ആശുപത്രികളില്‍ കോവിഡ് മോക് ഡ്രില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഹരിയാനയിലും പുതുച്ചേരിയിലും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.