Madhavam header
Above Pot

അർജുൻ ആയങ്കിയുടെ കൂട്ടാളി റമീസ് അപകടത്തിൽ മരിച്ചു , ദുരൂഹതയെന്ന് കസ്റ്റംസ്

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കൂട്ടാളി അപകടത്തിൽ മരിച്ചു. കണ്ണൂർ അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി റമീസ് ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കസ്റ്റംസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിന് തൊട്ട് പിറകെയാണ് റമീസ് സ‌ഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് അപകടം ഉണ്ടാകുന്നത്.

Astrologer

കരിപ്പൂർ സ്വർണ്ണക്കടത്തിൽ ചോദ്യം ചെയ്യലിനായി ഇന്നലെ ഹാജരാകാനായിരുന്നു അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി റമീസിന് കസ്റ്റംസ് നോട്ടീസ് നൽകിയത്. എന്നാൽ ചില അസൗകര്യങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിച്ചിരുന്നു. ഇതിന് പിറകെ ഇന്നലെ ഉച്ചയോടെയാണ് കപ്പക്കടവിനടുത്ത് റമീസ് സ‌‌ഞ്ചരിച്ച് ബൈക്കിൽ കാർ ഇടിച്ച് അപകടമുണ്ടാകുന്നത്.

ഗുരുതരമായി പരുക്കേറ്റ റസീസ് ഇന്ന് പുലർച്ചെയാണ് ആശുപത്രിയിൽ മരിച്ചത്. കള്ളക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിറകെ നടന്ന അപകടത്തിൽ ദുരൂഹത സംശയിക്കുകയാണ് കസ്റ്റംസ്.

കരിപ്പൂർ വിമാനത്താവളത്തിൽ അർജുൻ ആയങ്കി സ്വർണ്ണം തട്ടിയെടുക്കാനെത്തിയപ്പോൾ കാറിൽ അർജുനോപ്പം റമീസും ഉണ്ടായിരുന്നു. അർജുൻ നടത്തിയ കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് നിർണ്ണായക വിവരം നൽകേണ്ട വ്യക്തിയാണ് അപകടത്തിൽ മരിച്ചത്. റമീസ് സ‌ഞ്ചരിച്ചിരുന്നത് അർജുൻ ആയങ്കിയുടെ പേരിൽ റജിസ്റ്റർ ചെയ്ത ബൈക്കിലായിരുന്നു. അപകടമുണ്ടാക്കിയ കാർ വളപട്ടണ‍ം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കസ്റ്റംസ് സംശയിക്കുന്ന ദുരൂഹത അപകടത്തിൽ ഉണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. റമീസ് അമിത വേഗതയിലെത്തി കാറിൽ ഇടിച്ചെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക മൊഴി. കാർ തളാപ്പ് സ്വദേശി അശ്വനിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.

Vadasheri Footer