വനിത ടി.ടി.ഇ യ്ക്ക് നേരെ കയ്യേറ്റം, അർജുൻ ആയങ്കി റിമാൻഡിൽ.
തൃശൂർ: വനിത ടി.ടി.ഇയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി റിമാൻഡിൽ. തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ കീഴടങ്ങിയ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയാണ് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ജനുവരി 14ന് രാത്രി 11ന് ഗാന്ധിധാം എക്സ്പ്രസിലുണ്ടായ സംഭവത്തിൽ കോട്ടയം റെയിൽവേ പൊലീസ് എടുത്ത കേസ് പിന്നീട് തൃശൂർ റെയിൽവേ പൊലീസിന് കൈമാറിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ട്രെയിൻ തൃശൂരിലെത്തിയപ്പോൾ കൊച്ചിയിലേക്ക് പോകാൻ ജനറൽ ടിക്കറ്റുമായി അർജുൻ ആയങ്കി സ്ലീപ്പർ കോച്ചിൽ കയറുകയും ടി.ടി.ഇ ചോദ്യം ചെയ്തതോടെ ക്ഷുഭിതനായി അസഭ്യം പറയുകയും ടി.ടി.ഇയെ പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് പരാതി.
ജാമ്യത്തിനായി അർജുൻ ഹൈകോടതിയെ സമീപിച്ചെങ്കിലും മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനായിരുന്നു നിർദേശം. ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന പൊലീസിന്റെ റിപ്പോർട്ട് അംഗീകരിച്ച കോടതി അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയാണ് അർജുൻ. പരിശോധനക്ക് ശേഷം ഇയാളെ തൃശൂർ സബ് ജയിലിൽ പ്രവേശിപ്പിച്ചു.