അരികൊമ്പനെ മാറ്റുന്നത് കുമളി പെരിയാറിലെ വനമേഖലയിലേക്ക്

ഇടുക്കി : ഒരു പകൽ നീണ്ടുനിന്ന അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്. ചിന്നക്കനാൽ, ശാന്തൻപാറ ജനവാസമേഖലകളിൽ ഭീതി പരത്തിയ അരിക്കൊമ്പനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലേക്ക് കയറ്റി. നാല് കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ വാഹനത്തിലേക്ക് കയറ്റാൻ കഴിഞ്ഞത്.

തുടർന്ന് ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനുമായി അതിസാഹസികമായ യാത്ര ആരംഭിച്ചു. കുമളി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. 122 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ആനിമൽ ആംബുലൻസിൽ വച്ച് യാത്രക്കിടെയും അരിക്കൊമ്പൻ പരാക്രമം തുടർന്നു. സാധാരണയായി ഉള്ളതിൽ നിന്ന് വ്യത്യസ്തമായി ഇരട്ട കൂടാണ് ആനിമൽ ആംബുലൻസിൽ ഒരുക്കിയത്.

ഉള്ളിൽ മറ്റൊരു കൂട് കൂടി ഒരുക്കിയാണ് മെരുക്കിയിട്ടും മെരുങ്ങാൻ കൂട്ടാക്കാതെ പ്രതിരോധിച്ചുകൊണ്ടിരുന്ന അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകുന്നത്. ആനിമൽ ആംബുലൻസിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോൺവോയ് ആണ് ആനയുമായി കുമളിയിലേക്ക് പോകുന്നത്. രാത്രി ഒമ്പത് മണിയോടെ മാത്രമായിരിക്കും വാഹനം കുമളിയിലെത്തുക. അരിക്കൊമ്പനെ കുമളിയിലേക്ക് മാറ്റുമെന്ന തീരുമാനം പുറത്തുവിട്ടതോടെ കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് വെറ്ററിനറി സംഘങ്ങളാണ് വാഹന വ്യൂഹത്തിനൊപ്പമുള്ളത്

പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ദൗത്യം വിജയത്തിലേക്ക് എത്തിക്കാനായത്.സിങ്കുകണ്ടം സിമന്‍റ് പാലത്തിന് സമീപം വെച്ചാണ് അരിക്കൊമ്പനെ ആദ്യം മയക്കുവെടി വെച്ചത്. മയങ്ങാതിരുന്നതോടെ വീണ്ടും മയക്കുവെടിവെച്ചാണ് ആനയെ നിയന്ത്രണത്തിലാക്കിയത്. ചീ​ഫ്​ ഫോ​റ​സ്​​റ്റ്​ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ൺ സ​ക്കറി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് മിഷൻ അരിക്കൊമ്പൻ നടത്തിയത്. ലോറിയിൽ കയറ്റുന്നതിനിടെ കുങ്കിയാനകളെ ആക്രമിക്കാനും അരിക്കൊമ്പൻ ശ്രമം നടത്തി. ചോലവനങ്ങൾക്കിടയിൽവെച്ചാണ് ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കൊമ്പനെ വെടിവെച്ചത്. സൂര്യനെല്ലി ഭാഗത്തേക്ക് കടക്കാതിരിക്കാൻ വേണ്ടി നിരവധി തവണ പടക്കംപൊട്ടിച്ച് ആനയെ പിന്തിരിപ്പിച്ചിരുന്നു.

2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആ​ക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്ന് മാസത്തിനിടെ 31 കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്.