Above Pot

അനുപമയുടെ പരാതിയിൽ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവന്തപുരം: പേരൂര്‍ക്കടയില്‍ ദുരഭിമാനത്തെത്തുടർന്ന് കുഞ്ഞിനെ തന്റെ മാതാപിതാക്കൾ കൊണ്ടുപോയെന്ന അമ്മയുടെ പരാതിയിൽ വനിതാ കമ്മീഷന്‍ കേസെടുത്തു. കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു പരാതി. സംഭവത്തില്‍ ഡിജിപിയോട് വനിതാ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.

First Paragraph  728-90

Second Paragraph (saravana bhavan

ഏപ്രില്‍ മാസം 19 ന് പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. രണ്ട് തവണ അനുപമ ഡിജിപിക്കും പരാതി നല്‍കിയിരുന്നു. അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രനടക്കം ആറുപേർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതിനിടെ ശിശുക്ഷേമ സമിതിക്ക് അനുപമ അറിയാതെ കൈമാറിയ കുഞ്ഞിനെ തിരിച്ചുതരണമെന്ന അപേക്ഷ ചൈൽഡ് വെൽഫയർ കമ്മിറ്റി തള്ളി.

മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ കുഞ്ഞിനെ വിട്ടുകൊടുക്കാതിരിക്കാൻ മാതാപിതാക്കൾക്കൊപ്പം ശിശുക്ഷേമ സമിതിയും സി ഡബ്ള്യുസിയും ഗൂഡാലോചന നടത്തിയതിൻറെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. നിരന്തരം ആവശ്യപ്പെട്ടിട്ടും കുഞ്ഞിനെ വിട്ടുനൽകാതെ ശിശുക്ഷേമ സമിതി മറ്റൊരു ദമ്പതികൾക്ക് കുഞ്ഞിനെ ദത്തായി നൽകാൻ അതിവേഗം നടപടി എടുത്തുവെന്നാണ് അനുപമയുടെ പരാതി. ശിശുക്ഷേമ സമിതിയിൽ കുഞ്ഞുണ്ടായിരിക്കെ സിഡബ്ല്യൂസി അനുപമയുമായി നടത്തിയ സിറ്റിംഗിൻറെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കുഞ്ഞിനെ ദത്തെടുത്തെന്ന് ഉറപ്പാക്കിയ ശേഷം സി ഡബ്ള്യുസി ശിശുക്ഷേമ സമിതിയിലെ മറ്റൊരു കുഞ്ഞിൻറെ ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു.

വളർത്താൻ പറ്റില്ലെന്ന് കാണിച്ച് മാതാപിതാക്കൾ കുഞ്ഞിനെ സറണ്ടറായി നൽകേണ്ടത് യഥാർത്ഥത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കാണ്. പക്ഷേ കുഞ്ഞിനെ നേരിട്ട് കൊടുത്തത് ശിശുക്ഷേമ സമിതിക്കാണ്. കിട്ടിയ ആൺ കുഞ്ഞിന് മലാലയെന്ന പെൺകുട്ടിയുടെ പേരാണ് ശിശുക്ഷേമസമിതി നൽകിയത്. അബദ്ധത്തിൽ പറ്റിയതെന്നായിരുന്നു അന്ന് സമിതിയുടെ വിശദീകരണം. കുഞ്ഞ് ശിശുക്ഷേമസമിതിയിൽ ഉണ്ടെന്ന് അറിഞ്ഞ് സമിതി ജനറൽ സെക്രട്ടറിയും സിപിഎം നേതാവുമായു ഷിജുഖാനെ കുഞ്ഞിൻറെ അച്ഛൻ അജിത്തും നിരവധി തവണ സമീപിച്ചെങ്കിലും കൈമലർത്തി.

അനുപമയുടെ പരാതിയിൽ ഏപ്രില്‍ മാസം 22 ന് ഉച്ചയ്ക്ക് 2.30 ന് സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ സുനന്ദ ഓണ്‍ലൈന്‍ വഴി സിറ്റിംഗ് നടത്തി, 18 മിനിട്ട് സംസാരിച്ചു. ഈ സമയം ശിശുക്ഷേമസമതിയിൽ അനുപമയുടെ കുഞ്ഞുണ്ടായിട്ടും സിഡബ്ള്യുസി ഡിഎൻഎ പരിശോധന നടത്തിയില്ല. പോലീസില്‍ ചോദിക്കാനായിരുന്നു മറുപടി. അഞ്ച് മാസത്തിനു് ശേഷം അനുപമയുടെ കുഞ്ഞിനെ മറ്റൊരു ദമ്പതികൾ ദത്തെടുത്തശേഷം മാത്രമാണ് ഡിഎൻഎ പരിശോധന നടത്തിയത്. അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ കൈമാറിയതിൻറെ അടുത്ത ദിവസം ശിശുക്ഷേമ സമിതിയിൽ ഏല്പിച്ച കുഞ്ഞിനറെ ഡിഎൻഎയാണ് പരിശോധിച്ചത്. ഫലം നെഗറ്റീവ് ആയി. ഇതുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ വിളി വിവരങ്ങളും ശിശുക്ഷേമ സമിതിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്‍ തന്നെ ക്രിമിനല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാം എന്നിരിക്കേ പൊലീസ് കുഞ്ഞിനെ ദത്തെടുക്കും വരെ കേസ് രജിസ്റ്റർ ചെയ്യാൻ കാത്തിരുന്നു. അനുപമയുടെ ആക്ഷേപത്തെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നാണ് ശിശുക്ഷേമ സമതി ജനറൽ സെക്രട്ടറി ഷിജുഖാൻറെ നിലപാട്.