അംഗീകാരമില്ലാത്ത കോഴ്സ്, വിദ്യാർത്ഥിനിക്ക് നഷ്ടപരിഹാരം നല്കണം :ഉപഭോക്തൃ കോടതി
തൃശൂർ : അംഗീകാരമില്ലാത്ത ഓൺലൈൻ ബി കോം കോഴ്സിന് ചേർത്തി കബളിപ്പിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂലവിധി. തൈക്കാട്ടുശ്ശേരി ഇടമുറ്റത്ത് വീട്ടിൽ ശരണ്യ എം.എൻ. ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ തേജസ് ഗ്ലോബൽ അക്കാദമി ഉടമക്കെതിരെ ഇപ്രകാരം വിധിയായത്. ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ ബി കോo ഓൺലൈൻ ഡിസ്റ്റൻസ് എഡ്യുക്കേഷൻ കോഴ്സിനെന്ന് പറഞ്ഞാണ് അക്കാദമി ശരണ്യയെ ചേർത്തിയത്. 15,200 രൂപയാണ് ഈടാക്കിയാണ് പ്രവേശനം നൽകിയത് .
പ്രവേശനം നേടിയതിന് ശേഷമാണ് ഇപ്രകാരമൊരു കോഴ്സിന് അംഗീകാരമില്ലെന്ന് ശരണ്യഅറിഞ്ഞത് . പരാതിപ്പെട്ടിട്ടും നിവൃത്തി ഉണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിയിൽ നിന്ന് എതൃകക്ഷി ഈടാക്കിയ 15,200 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി