കടല്‍ ക്ഷോഭം രൂക്ഷം, അഞ്ചങ്ങാടി വളവിൽ കെട്ടിടം കടലെടുത്തു
ചാവക്കാട് : ചാവക്കാട് മേഖലയില്‍ കടല്‍ ക്ഷോഭം രൂക്ഷം . നിരവധി വീടുകളിലേക്ക് വെള്ളം കയറി . കടപ്പുറം അഞ്ചങ്ങാടി വളവ്, മൂസ റോഡ് , വെളിച്ചെണ്ണ പടി എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. ഇവിടങ്ങളില്‍ കടല്‍ വെള്ളം മുനക്കകടവ് മെയിന്‍ റോഡ് കവിഞ്ഞ് കിഴക്ക് ഭാഗത്തേ വീടുകളിലേക്ക് കയറി. കടപ്പുറം അഞ്ചങ്ങാടി വളവിലെ 7 മുറി കെട്ടിടം ഇന്ന് ശക്തമായ തിരയെ തുടര്‍ന്ന് നിലം പൊത്തി. നേരത്തെ കടല്‍ ക്ഷോഭത്തില്‍ കെട്ടിടത്തിന് കേടുപാട് സംഭവിച്ചുരുന്നു.
കടല്‍ഭിത്തി തകര്‍ന്നാണ് വെള്ളം കരയിലേക്ക് അടിച്ചുകയറിയത്. ബ്ലാങ്ങാട് ബീച്ച്, പുത്തന്‍കടപ്പുറം എന്നിവിടങ്ങളിലും കടല്‍ക്ഷോഭമുണ്ടായി. ബ്ലാങ്ങാട് പാര്‍ക്കിംഗ് ഗ്രൗണ്ട് വെള്ളത്തില്‍ മുങ്ങി. ഇന്നലെ മുതല്‍ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നു. ചെളി കലങ്ങിയ രീതിയിലായിരുന്നു കടല്‍. ഇതേ തുടര്‍ന്ന് മത്സ്യ ബന്ധനയാനങ്ങള്‍ കടലില്‍ ഇറങ്ങിയിരുന്നില്ല. ഇന്ന് ഉച്ചമുതലാണ് കരയിലേക്ക് വെള്ളം അടിച്ചുകയറാന്‍ തുടങ്ങിയത്