ഗുരുവായൂരിൽ ആനപാപ്പാൻ ജോലിക്ക് യുവാക്കളുടെ നീണ്ട നിര.
ഗുരുവായൂർ : ആധുനിക കാലത്തും, അപകടം പിടിച്ച ജോലികളിൽ ഒന്നായ ആനപാപ്പാൻ ജോലിക്ക് യുവാക്കളുടെ നീണ്ട നിര . .ഗുരുവായൂർ ദേവസ്വത്തിലെ പത്ത് താൽക്കാലിക ആന പാപ്പാൻമാരുടെ ഒഴിവിലേക്ക് കൂടിക്കാഴ്ചയ്ക്കെത്തിയത് 75 പേർ. ഇന്നു രാവിലെ 9 മണി മുതൽ ദേവസ്വം ആനത്താവളമായ പുന്നത്തൂർ ആനക്കോട്ടയിലാണ് പാപ്പാൻമാർക്കായുള്ള പ്രായോഗിക പരീക്ഷയും കൂടിക്കാഴ്ചയും നടന്നത്.
ആദ്യം സർട്ടിഫിക്കറ്റ് പരിശോധന. തുടർന്ന് പാപ്പാൻമാരുടെ കാര്യക്ഷമതയും പരിചയവും പരീക്ഷിച്ച ‘പ്രാക്ടിക്കൽ പരീക്ഷ” .ദേവസ്വത്തിലെ ജീവ ധനം വിദഗ്ധ സമിതി അംഗങ്ങളും മുതിർന്ന പാപ്പാൻമാരുടെയും സാന്നിധ്യത്തിലായിരുന്നു ഈ കടമ്പ . ആനപ്പുറത്ത് കയറാനുള്ള പാടവം ആദ്യം പരിശോധിച്ചു. ദേവസ്വം കൊമ്പൻമാരായ ഗോപാലകൃഷ്ണനും രവി കൃഷ്ണനും പിന്നെ ദേവിയാനയും ഉദ്യോഗാർത്ഥികൾക്ക് മുന്നിലെത്തി. ചിലർ ആദ്യ കടമ്പ ഈസിയായി കടന്നു. എന്നാൽ മറ്റു ചിലർക്ക് മറികടക്കാനായില്ല. വീഴാൻ പോയവരെ ദേവസ്വം പാപ്പാൻമാർ താങ്ങി.
തുടർന്ന് ആനക്ക് നെറ്റിപ്പട്ടം കെട്ടാനും അഴിക്കാനുമുള്ള കഴിവ് പരീക്ഷിക്കൽ. തുടർന്ന് ആനയെ ചങ്ങലയിട്ട് നടത്തലും ഇടചങ്ങല അഴിക്കാനുമുള്ള പ്രാവീണ്യവും പരിശോധിക്കലായി. പിന്നീടായിരുന്നു ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ഉദ്യോഗാർത്ഥികളുമായുള്ള കൂടിക്കാഴ്ച. രാവിലെ തുടങിയ പാപ്പാൻമാരുടെ തെരഞ്ഞെടുപ്പ് പ്രകിയ അവസാനിച്ചത് ഉച്ചതിരിഞ്ഞ് മൂന്നരയോടെ.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ , ഭരണ സമിതി അംഗങ്ങളായസി.മനോജ്, കെ.ആർ ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ.അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി. ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി.ഗിരിദാസ്, ഡോ.വിവേക്, ഡോ. ചാരുജിത്ത് നാരായണൻ ,ഡോ. പ്രശാന്ത് എന്നിവരും ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മായാദേവി, അസി.മാനേജർ ലെജുമോൾ എന്നിവരും പങ്കെടുത്തു