അമുല്‍ ഡയറി ഡയറക്‌ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

">

വഡോദര: അമുല്‍ ഡയറി ഡയറക്‌ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ബിജെപി ആകെ നാല് സീറ്റ് നേടിയപ്പോള്‍ രണ്ട് എംഎല്‍എമാര്‍ തോല്‍വിയറിഞ്ഞു. വോട്ടെടുപ്പ് നടന്ന പതിനൊന്നില്‍ എട്ട് സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ശനിയാഴ്‌ചയാണ് അമുല്‍ തെരഞ്ഞെടുപ്പ് നടന്നത്. 

ആകെ 12 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് രാംസിങ് പാര്‍മര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 11 ബ്ലോക്കുകളിലേക്ക് തിങ്കളാഴ്‌ച നടന്ന വോട്ടെണ്ണലില്‍ ബിജെപി എംഎല്‍എ കേസരിസിംഗ് സോളങ്കി തോറ്റു. 2017ലെ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന സഞ്ജയ് പട്ടേലാണ് പരാജയപ്പെടുത്തിയത്. അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാരായ സോദ പാര്‍മര്‍, രാജേന്ദ്ര സിംഗ് പാര്‍മര്‍ എന്നിവര്‍ വിജയിച്ചു. സീത പാര്‍മര്‍, വിപുല്‍ പട്ടേല്‍, ഖെല സാല, രാജേഷ് പതക്, ഗൗതം ചൗഹാന്‍ എന്നിവരാണ് വിജയിച്ച മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍. 

അമുല്‍ ഡയറക്‌ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ 1,050 പേര്‍ക്കാണ് വോട്ടിംഗ് അവകാശമുള്ളത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും 99.71 പേര്‍ വോട്ട് രേഖപ്പെടുത്തി. സാമൂഹിക അകലം കാറ്റില്‍പ്പറത്തിയായിരുന്നു തെരഞ്ഞെടുപ്പ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. 74കാരനായ വോട്ടര്‍ ആംബുലന്‍സിലെത്തി വോട്ട് ചെയ്യതതും ശ്രദ്ധേയമായി. 

<

Leave a Reply

Your email address will not be published. Required fields are marked *

Sponsors