അമൃത് കാന നിർമാണം , പൈപ്പുകൾ പൊട്ടിയാൽ നന്നാക്കാൻ പ്ലമറെ നിയമിക്കും

ഗുരുവായൂര്‍:അമൃത് കാനയ്ക്ക് കുഴിയെടുക്കുന്നതിനിടെ കുടിവെള്ള പൈപ്പുകള്‍ സ്ഥിരം പൊട്ടുന്നതിന് പരിഹാരമാകുന്നു .പൈപ്പുകൾ പൊട്ടിയാല്‍ തല്‍സമയംതന്നെ നേരെയാക്കാന്‍ അംഗീകൃത പ്ലമറെ നിയമിക്കും.ഗുരുവായൂര്‍ നഗരസഭയും ജലഅതോറിറ്റിയും ചേര്‍ന്ന് നടത്തിയ അടിയന്തര യോഗത്തിലാണ് ഈ തീരുമാനം.

മഴയ്ക്കു മുമ്പ് കാന നിര്‍്മ്മാണം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി പണികള്‍ പരമാവധി വേഗത്തിലാക്കുന്നുണ്ട്.കുഴിയെടുക്കുന്ന സമയത്ത് ജലഅതോറിറ്റി ഉദ്യോഗസ്ഥരും പ്ലമറും സ്ഥലത്തുണ്ടാകും.പൈപ്പുകള്‍ പൊട്ടിയാല്‍ വെള്ളം പാഴായി പോകാതിരിക്കാന്‍ അടിയന്തര നടപടിയായാണ് പ്ലമറെ നിയോഗിക്കുന്നത്.ഇത് മേല്‍നോട്ടം വഹിക്കുന്നതിന് ജലഅതോറിറ്റി അസി.എന്‍ജിനീയറെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ജല അതോറിറ്റിയുടെ നിരവധി പൈപ്പുകളാണ് പൊട്ടിയത്.ഇത് നേരെയാക്കാന്‍ കാലതാമസം വരുമ്പോള്‍ പൈപ്പുകളിലൂടെ മാലിന്യം കലരാനും ഇടയാകുന്നു.പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോഴാണ് നഗരസഭ ശനിയാഴ്ച അടിയന്തര യോഗം വിളിച്ചുകൂട്ടിയത്.

ചെയര്‍പേഴ്‌സണ്‍ വി.എസ്.രേവതി അധ്യക്ഷയായി.വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ്,ജലഅതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ പ്രീതിമോള്‍,എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.കെ.സജി,പ്രോജക്ട് എക്‌സിക്യൂട്ടീവ് എന്‍ജനീയര്‍ ബിന്ദു,ജീസ,രാജേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.