
അഖില ഭാരത ശ്രീമദ് നാരായണീയ മഹോത്സവം ഗുരുവായൂരിൽ

ഗുരുവായൂർ : അഖില ഭാരത ശ്രീമദ് നാരായണീയ മഹോത്സവം ഒക്‌റ്റോബര്‍ 5 തുടങ്ങി 11 വരെ ഗുരുവായൂരിൽസംഘടിപ്പിക്കുമെന്ന് അഖില ഭാരത ശ്രീമദ് നാരായണീയ മഹോത്സവ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന മഹോത്സവത്തിന്റെ വിപുലമായ സ്വാഗത സംഘ രൂപീകരണം ഞായറാഴ്ച നടക്കും . അയ്യായിരം നാരായണീയ സമിതികളില്‍ നിന്നും, കാല്‍ലക്ഷം നാരായണീയ പാരായണീയര്‍ ഒക്‌റ്റോബര്‍ 5 തുടങ്ങി 11 വരെഏഴുദിനങ്ങളിലായി പങ്കെടുക്കുന്ന മഹാമഹമാണ് ‘ശ്രീമദ് നാരായണീയ ശതകോടി അര്‍ച്ചനയും, ശ്രീമദ് നാരായണീയമഹോത്സവവുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കാല്‍ലക്ഷം നാരായണീയ കുടുംബങ്ങളിലെ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ഭക്തരുടെ നാരായണീയ സഹസ്രനാമങ്ങളും, കാല്‍ലക്ഷം പേരുടെ സമ്പൂര്‍ണ്ണ നാരായണീയ പാരായണവും ഏഴുദിവസങ്ങളില്‍ നടക്കും. ബദരീനാഥ്, മഥുര, ഗോകുലം, ദ്വാരക, അയോധ്യ, തിരുപ്പതി തുടങ്ങി ഭാരതത്തിലെ ഇരുപത്തിയൊന്നു തിരുപ്പതികളിലെ മുഖ്യതാന്ത്രിക വൈദികരും, ശബരിമല, ഗുരുവായൂര്‍ തന്ത്രിമാര്‍, ശബരിമല, ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിമാര്‍ തുടങ്ങിയവര്‍ ഏഴുദിവസങ്ങളിലെ ശതകോടി അര്‍ച്ചനയ്ക്ക് കാര്‍മ്മികത്വം വഹിയ്ക്കും. ശതകോടി അര്‍ച്ചനകളാല്‍ ശാക്തീകരിച്ച പാദകമലം, ഭക്തര്‍ക്ക് യജ്ഞ പ്രസാദമായി നല്കും.

108 നാരായണീയ ശ്രേഷ്ഠാചാര്യമാരും, 1034 ആചാര്യമാരും,10008 സഹാചാര്യമാരും ശതകോടി അര്‍ച്ചനയെ നയിയ്ക്കും. തൃശ്ശിവപേരൂര്‍, പാലക്കാട്, എറണാകുളം ജില്ലാ നാരായണീയ സമിതികളിലെ ഭാരവാഹികളും, സംസ്ഥാന തല അഖില ഭാരത നാരായണീയ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് 501 അംഗ സ്വാഗതസംഘ രൂപീകരണവും, മറ്റു 11 ജില്ലകളിലായി 101 അംഗ സ്വാഗതസംഘവും രൂപീകരിയ്ക്കുന്നതിന് നേതൃത്വം നല്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അഖില ഭാരത ശ്രീമദ് നാരായണീയ മഹോത്സവ സമിതി പ്രസിഡണ്ട് അഡ്വ: മാങ്കോട് രാമകൃഷ്ണന്‍, വര്‍ക്കിങ്ങ് പ്രസിഡണ്ട് എം.ബി. വിജയകുമാര്‍, ജനറല്‍ സെക്രട്ടറി ഐ.ബി. ശശിധരന്‍, ഖജാന്‍ജി ആര്‍. നാരായണപിള്ള എന്നിവര്‍ അറിയിച്ചു