Header 1 = sarovaram
Above Pot

അഗളി സ്വദേശിയെ സ്വർണ കടത്ത് സംഘം കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴു പേർ കസ്റ്റഡിയിൽ

പെരിന്തൽമണ്ണ : പ്രവാസിയായ അഗളി സ്വദേശി ജലീൽ ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽഏഴു പേർ കസ്റ്റഡിയിൽ . മരിച്ച അഗളി സ്വദേശി അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് മുങ്ങിയ യഹിയയാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഒളിവിലാണ്. യഹിയക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

വിദേശത്ത് നിന്ന് സ്വർണം കടത്തുന്ന കാരിയറായിരുന്നു കൊല്ലപ്പെട്ട അബ്ജുൾ ജലീലെന്ന് പൊലീസ് പറഞ്ഞു. കൊണ്ടുവന്ന സ്വർണം ലഭിക്കാത്തതിനാൽ യഹിയയുടെ നേതൃത്വത്തിൽ ഒരു സംഘം ജലീലിനെ തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇരുമ്പ് വടി കൊണ്ടുൾപ്പെടെ ജലീലിന് മർദ്ദനമേറ്റെന്നും പൊലീസ് പറഞ്ഞു. ശരീരത്തിൽ മുഴുവൻ മുറിവേറ്റിട്ടുണ്ട്. പ്രതികളെ മറ്റ് ചിലർ സഹായിച്ചു. ഇവരും കേസിലെ പ്രതികളാകുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Astrologer

ക്രൂര മർദ്ദനമേറ്റ നിലയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൾ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം തുടരുകയാണ്. യഹിയ കാറിൽ അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെള്ളക്കാറിലാണ് അബ്ദുൾ ജലീലിനെ എത്തിച്ചത്. ഡ്രൈവിംഗ് സീറ്റിലായിരുന്നു യഹിയ. ജലീലിനെ പിന്നിലെ സീറ്റിൽ കിടത്തിയിരിക്കുകയായിരുന്നു. ജലീലിന്റെ ശരീരമാകെ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.

ജിദ്ദയിൽ നിന്നും മെയ് 15 ന് നാട്ടിലെത്തിയ അബ്ദുൽ ജലീലിനെ വിമാനത്താവളത്തിൽ സ്വീകരിക്കാനായി ഭാര്യയും വീട്ടുകാരും കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ വീട്ടുകാര്‍ വരേണ്ടതില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം താൻ വീട്ടിലേക്ക് എത്താമെന്നും അബ്ദുൽ ജലീൽ തന്നെ ഫോണിൽ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. ദിവസങ്ങളോളം കാണാതായതോടെ അഗളി സ്റ്റേഷനിൽ പരാതി നൽകി. പൊലീസിൽ പരാതി നൽകി തിരികെയെത്തിയപ്പോൾ വീട്ടിലേക്ക് ജലീലിന്റെ ഫോൺവിളി വന്നു. നാളെ വീട്ടിലേക്ക് വരുമെന്നും പൊലീസിൽ പരാതി നൽകിയതെന്തിനാണെന്നും ചോദിച്ചു. പൊലീസിൽ നൽകിയ കേസ് പിൻവലിക്കാനും പറഞ്ഞു. പിറ്റേന്നും ഭര്‍ത്താവ് വീട്ടിലേക്ക് വന്നില്ല. പക്ഷേ ഫോണിൽ വിളിച്ചു, കേസ് പിൻവലിച്ചോയെന്ന് ചോദിച്ചു. കേസ് പിൻവലിച്ചിരുന്നില്ലെങ്കിലും പിൻവലിച്ചതായി മറുപടി പറഞ്ഞു എന്നും ജലീലിന്റെ ഭാര്യ പറഞ്ഞിരുന്നു.

Vadasheri Footer