ദേവസ്വം ഭരണ സമിതി അംഗത്വം , അഡ്വ കെ വി മോഹനകൃഷ്ണൻ ഹൈക്കോടതിയിൽ എതിർ സത്യവാങ് മൂലം നൽകി

ഗുരുവായൂർ : ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും, എൻ സി പി യുടെ പ്രതി നിധിയായ അഡ്വ കെവി മോഹന കൃഷ്ണൻ ഭരണ സമിതിഅംഗമായി തുടരുന്നതിനെതിരെ നൽകിയ കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് ഹൈക്കോടതി മാറ്റി വെച്ചു ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പേരാമംഗലം സ്വദേശി സി വി വിജയൻ ആണ് ഹൈക്കോടതിയെ സമീപിച്ചത് .

കേസ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി , സംസ്ഥാന സർക്കാർ ,ഗുരുവായൂർ ദേവസ്വം ,അഡ്വ കെ വി മോഹന കൃഷ്ണൻ എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു . ഇതിന് മറുപടിയായി വെള്ളിയാഴ്‌ച അഡ്വ കെ വി മോഹന കൃഷ്ണനും, സർക്കാരും ഹൈക്കോടതിയിൽ എതിർ സത്യവാങ് മൂലം സമർപ്പിച്ചു . ദേവസ്വം കഴിഞ്ഞ നാലിന് തന്നെ അഫിഡവിറ്റ് ഫയൽ ചെയ്തിരുന്നു .മറ്റ് രണ്ടു കൂട്ടരും കഴിഞ്ഞ നാലിന് ഹൈക്കോടതിയോട് സമയം നീട്ടി ചോദിച്ചിരുന്നു .

ഹൈക്കോടതിയിൽ കേസ് നില നിൽക്കുന്നതിനാൽ പുതിയ ഭരണ സമിതിയെ നിയമിക്കാൻ കഴിയാതെ സർക്കാരും വെട്ടിലായി . ദേവസ്വം നിയമത്തെ തെറ്റായി വ്യഖ്യാനിച്ച്‌ ഗുരുവായൂർ ക്ഷേത്രത്തിൽ തുടർന്ന് വരുന്ന ഒരു സിസ്റ്റത്തെ തന്നെയാണ് അഡ്വ കെ വി മോഹന കൃഷ്ണൻ വെല്ലു വിളിക്കുന്നത് എന്നാണ് സ്വന്തം പാർട്ടിക്കാരും പറയുന്നത് . കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് എൻ സി പി നേതൃത്വം . അടുത്ത ഭരണ സമിതി അംഗമാകാൻ കുപ്പായം തുന്നിവെച്ചവരും ഇതോടെ വിഷമ വൃത്തത്തിലായി