
എ ടി എം ചതിച്ചു,തുകയും നഷ്ടവും എസ് ബി ഐ. നൽകണമെന്ന് വിധി.

തൃശൂർ : എ ടി എം കൗണ്ടറിൽ നിന്ന് പണമെടുക്കുവാൻ ശ്രമിച്ച് 5000 രൂപ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വിയ്യൂരുള്ള തോട്ടുമഠത്തിൽ വീട്ടിൽ ടി.എ. ബാലകൃഷ്ണപൈ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മെയിൻ ബ്രാഞ്ച്) മാനേജർക്കെതിരെയും റൗണ്ട് വെസ്റ്റിലെ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്

.ബാലകൃഷ്ണപൈ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കൗണ്ടറിൽ നിന്നാണ് 5000 രൂപ എടുക്കുവാൻ ശ്രമിച്ചത്.എന്നാൽ പണം ലഭിക്കുന്നതിന് പകരം ഒരു സ്‌ലിപ്പ് ലഭിക്കുകയാണുണ്ടായത്. സ്‌ലിപ്പിൽ സംഖ്യ പിൻവലിക്കുന്നതു് രേഖപ്പെടുത്തുന്ന കോളം ശൂന്യമായിരുന്നു. ബാക്കി തുക 509 രൂപ എന്ന് രേഖപ്പെടുത്തിയിരുന്നു. ഹർജിക്കാരൻ 5000 രൂപ നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കി. സ്‌ലിപ്പ് ദിനംപ്രതി മാഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. ബാലകൃഷ്ണപൈക്ക് എ ടി എം മുഖേനെ സംഖ്യ ലഭിച്ചു എന്ന നിലപാടാണ് എതിർകക്ഷികൾ കോടതി മുമ്പാകെ സ്വീകരിക്കുകയുണ്ടായത്. എന്നാൽ ഇത് സാധൂകരിക്കുവാൻ എതിർകക്ഷികൾക്ക് കഴിഞ്ഞിട്ടില്ലാത്തതാകുന്നു. എതിർകക്ഷികളുടെ പ്രവൃത്തി മൂലം ഹർജിക്കാരന് സാമ്പത്തിക നഷ്ടവും വലിയ രീതിയിലുളള മാനസിക പ്രയാസവും ഉണ്ടായതായി കോടതി വിലയിരുത്തി.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപെട്ട 5000 രൂപയും നഷ്ടപരിഹാരമായി 1000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.
