എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശം, നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് എൻ എസ് എസ്
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശ പ്രസംഗത്തിനെതിരെ പരസ്യപ്രതിഷേധത്തിന് എൻ എസ് എസ് . നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിന് സംസ്ഥാനത്തെ വിവിധ താലുക്ക് യൂണിറ്റുകളോട് എൻ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടു.
വിശ്വാസികളുടെ മത വികാരത്തെ മുറിവേൽപ്പിക്കുന്ന തരത്തിലുളള പ്രസ്താവനകൾ നടത്തിയ ഷംസീറിന് സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടിരുന്നു.
ഗണപതി ഹൈന്ദവരുടെ ആരാധനാമൂർത്തിയാണെന്നും സ്പീക്കറുടെ പ്രസംഗം നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കു യോജിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഓരോ മതത്തിനും മത വിശ്വാസികൾക്കും അവരുടെതായ വിശ്വാസങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ എസ് എസിന്റെ ആവശ്യങ്ങളെ സർക്കാരിന്റെ ഭാഗത്തുനിന്നും പരിഗണിക്കാത്ത പശ്ചാത്തലത്തിലാണ് പരസ്യ പ്രതിഷേധത്തിലേക്ക് സംഘടന കടക്കുന്നത്. വിശ്വാസികളും എൻ എസ് എസ് പ്രവർത്തകരും അവരവരുടെ വീടിന് സമീപമുള്ള ഗണപതി ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമെന്നുമാണ് സർക്കുലറിൽ പറയുന്നത്