എ.സി. മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്,11ന് ഹാജരാകണം.
തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുന്‍ മന്ത്രി എ സി മൊയ്തീന് വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നോട്ടീസ് നല്‍കി. ഇഡിക്ക് മുന്നില്‍ 11ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ നാല് എന്നീ തീയതികളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മൊയ്തീന്‍ എത്തിയിരുന്നില്ല. രണ്ടാഴ്ചത്തെ സമയമാണ് ആദ്യനോട്ടീസ് ലഭിച്ചപ്പോള്‍ മൊയ്തീന്‍ ആവശ്യപ്പെട്ടത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹാജരാകേണ്ടെന്നായിരുന്നു സിപിഎം സംസ്ഥാനനേതൃത്വത്തിന്റ നിര്‍ദേശം
അതേസമയം, കേസിൽ അറസ്റ്റിലായ പി സതീഷ് കുമാറിനേയും പി പി കിരണിനേയും നാലുദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച രാത്രി അറസ്റ്റിലായ ഇരുവരെയും ചൊവ്വാഴ്ച വൈകിട്ടോടെ കലൂരിലെ കോടതിയിലാണ് ഹാജരാക്കിയത്. ശനിയാഴ്ചവരെ ഇ.ഡി. കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും അവധി ദിവസമായതിനാല്‍ വെള്ളിയാഴ്ച വൈകിട്ട് നാലുമണിവരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
സതീഷ്‌കുമാറിനെയും പി പി കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇ ഡി അറസ്റ്റുചെയ്തത്. കിരണിന് ബാങ്കിൽ അംഗത്വം പോലുമില്ല. ഇയാൾക്ക് വായ്പനൽകാൻ പാവപ്പെട്ടവരായ ഒട്ടേറെപ്പേരുടെ രേഖകൾ ഉപയോഗപ്പെടുത്തിയിരുന്നു. അവർ പോലുമറിയാതെയാണ് ആ രേഖകൾ ഈടായി സ്വീകരിച്ച് ബാങ്ക് വായ്പയനുവദിച്ചത്.
ബാങ്കിന്റെ അധികാരപരിധിക്കുപുറത്ത് താമസിക്കുന്ന പി.പി. കിരണിന് ചട്ടങ്ങൾക്ക് വിരുദ്ധമായി 19,873 എന്ന നമ്പറിൽ അംഗത്വം നൽകി. ബാങ്കിൽനിന്ന് കിരണിന് 24.56 കോടി രൂപ വായ്പയെന്ന നിലയിൽ ലഭിച്ചതായി ഇഡി കോടതിയിൽ വ്യക്തമാക്കി. സാധാരണക്കാരായ 51 പേരുടെ രേഖകൾ അവർ പോലുമറിയാതെ ഈടുവെച്ചാണ് ഇത്രയും തുക കിരണിന് ബാങ്ക് നൽകിയത്. ഇതിന്റെ പലിശയുൾപ്പെടെ 48.57 കോടി രൂപ ബാങ്കിന് തിരിച്ചടയ്ക്കാനുണ്ട്. കൈപ്പറ്റുന്ന പണം ബിനാമിയായ സതീഷ്‌കുമാർ ഉന്നത രാഷ്ട്രീയപ്രമുഖർക്ക് കൈമാറിയെന്നാണ് ഇഡിയുടെ നിഗമനം