

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പനയ്ക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യ വകുപ്പ്. എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഇത്തരം വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനാണ് തീരുമാനം. ഓപ്പറേഷൻ സൗന്ദര്യ എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന

ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഓൺലൈൻ വിപണനവും നിയന്ത്രിക്കാനും ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നു. സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജപരസ്യം ഗുളികകൾ, ഓയിൽമെന്റ്, തൈലം, എന്നിവ വ്യാജമായി വിറ്റവഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാക്കെതിരെയും കർശന നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഫെയ്സ് ഷീറ്റുകൾ, ഫെയർനെസ് ഉൽപന്നങ്ങൾ, ചർമത്തിന്റെ നിറവും സൗന്ദര്യവും വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ, മറ്റ് സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ വിപണനം പ്രത്യേകം പരിശോധിക്കും. മംഗലാപുരം – കാസർകോട് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും ആരോഗ്യ ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി എത്തിച്ച് വിൽക്കുന്നതായാണ് വിവരം. പാകിസ്ഥാൻ വഴിയെത്തുന്ന ഇത്തരം വസ്തുക്കളിൽ നിർമ്മാതാക്കളുടെ പേര്, നിർമ്മാണ തീയതി, കാലാവധി എന്നിവയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് കണ്ടെത്തിയിരുന്നു.
ശാസ്ത്രീയമായ തെളിവുകളില്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടിയുണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുകയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്ലോഗർമാരെയും നിരീക്ഷിക്കും. മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഫേസ്ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് കർശന നടപടിയുമായി രംഗത്തിറങ്ങുന്നത്. ഇതിന് പുറമെ പ്രമുഖ ഗായകൻ സലിം കോടത്തൂർ അടക്കം നിരവധി പേരാണ് ക്രീം ഉപയോഗിച്ച് രോഗാതുരരായി എന്ന് പറഞ്ഞു രംഗത്ത് വന്നത്

