
കണ്ണൂരിൽ കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ കോടികളുടെ അഴിമതി: മനുതോമസ്

കണ്ണൂർ : കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളും ബിനാമികളും ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കെ.കെ. എന്ന ഇനീഷ്യലുള്ള ബിനാമി പിഡബ്ല്യുഡി കോണ്‍ട്രാക്ടറും കെ.കെ. എന്ന് തുടങ്ങുന്ന പേരുള്ള സിപിഎം നേതാവും തമ്മിലുള്ള ബന്ധം മട്ടന്നൂരുകാര്‍ക്ക് അറിയാമെന്നും മനു തോമസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ മട്ടന്നൂര്‍ ദുരൂഹമായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെയും രാഷ്ട്രീയ അഴിമതിയുടെയും കേന്ദ്രമായി മാറിയെന്നും അദ്ദേഹം കുറിച്ചു. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് കിഫ്ബി ഫണ്ട് ഉപയോഗിച്ച് മട്ടന്നൂര്‍ നഗരസഭാ പരിധിയിലെ 58 വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം ഏറ്റെടുക്കാനുള്ള നടപടികളിലാണ് ക്രമക്കേടുകള്‍ നടന്നതെന്നാണ് മനു തോമസിന്റെ ആരോപണം. കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൊതേരി ദേശത്തുള്ള ഭൂമി മട്ടന്നൂര്‍ നഗരസഭയുടെ പരിധിയിലാണെന്ന രീതിയില്‍ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ രേഖകളില്‍ ഉള്‍പ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ വാദം. കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തോ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരോ അറിയാതെയാണ് നടപടികള്‍ മുന്നോട്ടുപോയതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഒരു ഘട്ടത്തിലെത്തിയപ്പോഴാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഈ സ്ഥലം കീഴല്ലൂര്‍ പഞ്ചായത്തിന്റെ പരിധിയിലാണെന്ന് ബോധ്യമായതെന്നാണ് പോസ്റ്റില്‍ പറയുന്നത്. അതിനിടെ, ഇരിട്ടി താലൂക്കില്‍ ഉള്‍പ്പെടുന്ന മട്ടന്നൂര്‍ നഗരസഭയുടെ പരിധിയിലാണെന്ന് കാണിച്ച് തിരുവനന്തപുരം കാര്‍ഷികാദായ നികുതി കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് ഉത്തരവ് ലഭിച്ചു. പിന്നീട് ഈ ഉത്തരവ് തിരുത്താനുള്ള നടപടികള്‍ ആരംഭിച്ചു. കീഴല്ലൂര്‍ വില്ലേജ് തലശ്ശേരി താലൂക്കിലും മട്ടന്നൂര്‍ നഗരസഭ ഇരിട്ടി താലൂക്കിലുമാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് രേഖകളില്‍ മാറ്റം വരുത്തിയതെന്നും മനു തോമസ് പറയുന്നു. പഴശ്ശി അംശം, മട്ടന്നൂര്‍ എന്നിങ്ങനെ രേഖപ്പെടുത്തിയിരുന്ന ഭൂമി പിന്നീട് കീഴല്ലൂര്‍ വില്ലേജിലെ കൊതേരി ദേശത്തേതാണെന്ന് തിരുത്തി. എന്നാല്‍, ഈ നടപടികളെക്കുറിച്ച് ഗ്രാമപഞ്ചായത്തിനോ വില്ലേജ് ഓഫീസിനോ അറിവുണ്ടായിരുന്നില്ലെന്നാണ് ആരോപണം. പഞ്ചായത്തുമായോ പാര്‍ട്ടിയുമായോ ആലോചിക്കാതെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം മട്ടന്നൂരിലെ സിപിഎമ്മിനുള്ളില്‍ തന്നെ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയെന്നും അദ്ദേഹം പറയുന്നു.
ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്ന അഭിപ്രായം ഏരിയ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നിരുന്നുവെന്നും മനു തോമസ് അവകാശപ്പെടുന്നു. മട്ടന്നൂര്‍ നഗരസഭയിലെ വായന്തോട് ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫും എതിരാളികളും തമ്മില്‍ കടുത്ത മത്സരമാണ് നിലനിന്നിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഏറ്റെടുക്കാന്‍ തീരുമാനിച്ച ഭൂമിയുമായി ബന്ധപ്പെട്ട 60 കുടുംബങ്ങളില്‍ 58 കുടുംബങ്ങളും രാഷ്ട്രീയ എതിരാളികളുടേതാണെന്നും ഇത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍, ഭരണസ്വാധീനവും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയെന്നാണ് മനു തോമസിന്റെ ആരോപണം. റോഡ് സൗകര്യമില്ലാത്തതും ചതുപ്പുസ്വഭാവമുള്ളതുമായതിനാല് വില്ക്കാന് പ്രയാസപ്പെട്ടിരുന്ന ഭൂമിക്ക് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നത് ഒരു ലക്ഷം രൂപയില്‍ താഴെയായിരുന്നുവെന്നാണ് മനു തോമസ് പറയുന്നത്. എന്നാല്‍, 8.25 ഏക്കര്‍ ഭൂമി ആറുലക്ഷം രൂപ നിരക്കില്‍ ഏറ്റെടുത്തു. ഈ സ്ഥലത്ത് ഇപ്പോഴും റോഡ് സൗകര്യം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു

