
നേപ്പാളിൽ മിന്നൽ പ്രളയം 95 മരണം, 150 ഓളം ഇന്ത്യക്കാരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച മിന്നല്‍ പ്രളയത്തില്‍ മരണം 95 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 105 ഇന്ത്യാക്കാരും 37 പ്രവാസി ഇന്ത്യാക്കാരും ഉള്‍പ്പെടെ 400 ഓളം പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. പ്രളയത്തില്‍ കുടുങ്ങിയ 250 ഓളം പേരെ രക്ഷപ്പെടുത്തിയതായി നേപ്പാള്‍ പ്രധാനമന്ത്രി ബലേന്‍ ഷാ അറിയിച്ചു.

അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
നേപ്പാള്‍ സൈന്യം, നേപ്പാള്‍ അംഡ് പൊലീസ് ഫോഴ്‌സ്, നേപ്പാള്‍ പൊലീസ് തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്ക് മാറ്റുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബീര്‍ ഹോസ്പിറ്റല്‍, നാഷണല്‍ ട്രോമ സെന്റര്‍ എന്നിവിടങ്ങളില്‍ 100 ലേറെ കിടക്കകള്‍ പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്കായി മാറ്റിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കുടിവെള്ളം, മരുന്നുകള്‍, ഇടക്കാല താമസസ്ഥലം എന്നിവ ഒരുക്കും. തകര്‍ന്ന പാലങ്ങള്‍, വൈദ്യുതി വിതരണം, കുടിവെള്ള ശൃംഖലകള്‍ എന്നിവ പുനഃസ്ഥാപിക്കാന്‍ മുന്‍ഗണന നല്‍കുമെന്നും പ്രധാനമന്ത്രി ബലേന്‍ ഷാ അറിയിച്ചു. ടിബറ്റിനോട് ചേര്‍ന്നുള്ള റസുവ ജില്ലയിലാണ് വന്‍ നാശം വിതച്ച് മിന്നല്‍ പ്രളയമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, വീടുകള്‍, പാലങ്ങള്‍ തുടങ്ങിയ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി.

ഭോട്ടെ കോശി നദിയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെയാണ് മിന്നല്‍ പ്രളയമുണ്ടായത്. നുവാകോട്ട്, ധാഡിങ് ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി. 291 വിദേശികളും 93 നേപ്പാളി പൗരന്മാരും അടക്കം 384 സഞ്ചാരികളെ കാണാതായതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചു. കൈലാസ് യാത്രയ്ക്ക് പോയ 77 തീര്‍ത്ഥാടകരെ കാണാനില്ലെന്ന് ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനും ആത്മീയഗുരുവുമായ ജഗ്ഗി വാസുദേവ് അറിയിച്ചു. കൈലാസ യാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ കൈലാസ തീര്‍ത്ഥാടന ഗ്രൂപ്പുകളിലൊന്നില്‍ നിന്നുള്ള 77 തീര്‍ത്ഥാടകര്‍ ടിബറ്റിലെ ഗൈറോങ്ങിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ നില്‍ക്കെയാണ് പ്രളയജലം ഇരച്ചെത്തിയത്. വെള്ളപ്പൊക്കത്തില്‍ ഇമിഗ്രേഷന്‍ കെട്ടിടത്തിന്റെ ഭൂരിഭാഗവും മുങ്ങിയതായാണ് വിവരമെന്നും ജഗ്ഗി വാസുദേവ് അറിയിച്ചു. അതേസമയം, അപകടസ്ഥലത്ത് കുടുങ്ങിപ്പോയ മലയാളി വിനോദസഞ്ചാരി സംഘം സുരക്ഷിതരാണെന്നാണ് സൂചന. ഗലാച്ചിയിലാണ് കാസര്‍കോടു നിന്നുള്ള 36 അംഗ ടൂറിസ്റ്റ് സംഘം കുടുങ്ങിയത്.

നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് അതിര്‍ത്തി സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും ബിഹാറിലും കനത്ത ജാഗ്രതാ നിര്‍ദേശം. ഇരു സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗങ്ങള്‍ ചേര്‍ന്നു. ബിഹാര്‍ മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു
നേപ്പാളില്‍നിന്ന് നിരവധി നദികള്‍ ബിഹാറിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മിന്നല്‍പ്രളയമുണ്ടായ ഗണ്ഡക് നദിയും കോസി നദിയും ഇതില്‍പ്പെടുന്നു. ഈ നദികള്‍ ഹിമാലയത്തിലും ടിബറ്റിലും ഉത്ഭവിച്ച് ഇന്ത്യന്‍ സമതലങ്ങളിലേക്ക് പ്രവേശിക്കുന്നു. നേപ്പാളിലെ പ്രകൃതിക്ഷോഭത്തില്‍ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.
നേപ്പാള്‍ ജനതയ്ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇന്ത്യ ഒപ്പമുണ്ടെന്നും മോദി അറിയിച്ചിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍ 105 ഇന്ത്യാക്കാര്‍ അടക്കം 291 വിദേശികളെ കാണാതായതായാണ് നേപ്പാള്‍ ടൂറിസം അധികൃതര്‍ വ്യക്തമാക്കിയത്. ഇതില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി അടിയന്തര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട് (+977 985 131 6807, +977 970 910 7500).
. നുവാകോട്ട്, ധാഡിങ് ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി. നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. റസൂവ ജില്ലയില്‍ 26 നേപ്പാളി പൊലീസുകാരെയും കാണാതായിട്ടുണ്ട്. ആംഡ് പൊലീസ് ഫോഴ്‌സിലെ ഏഴുപേരെയും കാണാതായിട്ടുണ്ട്. പ്രളയത്തില്‍ കുടുങ്ങിയ 12 പേരെ നേപ്പാള്‍ സൈന്യം രക്ഷപ്പെടുത്തി. തിമുറെയിലും സ്യാബ്രുബെസിയിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി വി ഡി സതീശന്‍ ചുമതലപ്പെടുത്തി. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ഇടപെടല്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സാഹചര്യങ്ങൾ സർക്കാർ നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം.
ബന്ധപ്പെടേണ്ട നമ്പർ
944 7111844
9747132147
