
ബലിതർപ്പണത്തിനായി പഞ്ചവടി ഒരുങ്ങി

ചാവക്കാട് : കര്‍ക്കടക വാവു ബലിതർപ്പണത്തിനായി പഞ്ചവടി വാ കടപ്പുറത്ത് വിപുലമായ സൗകര്യം ഒരുക്കിയതായി പഞ്ചവടി ശങ്കരനാരായണ ക്ഷേത്രം പ്രസിഡന്റ് വാക്കയില്‍ വിശ്വനാഥന്‍, സെക്രട്ടറി വിക്രമന്‍ താമരശ്ശേരി എന്നിവര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് ആരംഭിക്കുന്ന ബലിതര്‍പ്പണചടങ്ങുകള്‍ രാവിലെ ഒമ്പതു വരെ നീണ്ടു നില്‍ക്കും.
ബലിതര്‍പ്പണചടങ്ങുകള്‍ക്കായി പതിനായിരം പേര്‍ക്കുള്ള ഒരുക്കം നടത്തിയതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ ഒരേ സമയം ആയിരം പേര്‍ക്കു വരെ ബലിയിടാനുള്ള സൗകര്യമുണ്ടാവും.
തിലഹവനം, പിതൃസായൂജ്യപൂജ എന്നിവ നടത്താനും ഭക്തര്‍ക്ക് സൗകര്യമുണ്ടാവും.
ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് . ക്ഷേത്ര പരിസരത്തും ബലിതര്‍പ്പണ സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട് .

ബലിതര്‍പ്പണം കഴിഞ്ഞു വരുന്നവര്‍ക്ക് ക്ഷേത്രം ഹാളില്‍ പ്രഭാത ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
ബലിയിടുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തീരദേശ പോലീസ്, ലോക്കല്‍ പോലീസ്, അഗ്നരക്ഷാസേന, ആരോഗ്യ പ്രവര്‍ത്തകര്‍, ആംബുലന്‍സുകള്‍ എന്നിവരുടെ സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സാധനങ്ങളും വസ്ത്രങ്ങളും സൂക്ഷിക്കുന്നതിനായി സൗജന്യ ക്ലോക്ക് റൂം സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്
വാർത്ത സമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ ബാലൻ കൊഴപ്പാട്ട് ഷനിൽകുമാർ ചന്തിരുത്തിയിൽ
വിനയദാസ് താമരശ്ശേരി എന്നിവരും സംബന്ധിച്ചു
ജൂലായ് പതിനേഴാം തീയതി മുതൽ ആരംഭിച്ച രാമായണമാസം സമാപനവും ഓഗസ്റ്റ് പതിനാറാം തീയതി നടക്കും എന്നും ഭാരവാഹികൾ അറിയിച്ചു
