
വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു.

ബെംഗളൂരു : വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്പ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂർവ ഗായികയാണ് ജാനകി. 17 ഭാഷകളിൽ ജാനകി പാടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ് ഇവർ. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ അവർക്ക് ലഭിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. 2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചു.
1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജാനകി ജനിച്ചത്. മൂന്നാം വയസിൽ തന്നെ സംഗീതത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന ജാനകിയുടെ സംഗീതവാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്ക് വഹിച്ചു. 1956-ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ പങ്കെടുത്തു രണ്ടാം സ്ഥാനം നേടിയതാണ് ജാനകിക്ക് സംഗീതലോകത്തേക്കുള്ള വഴിതുറന്നത്. തുടർന്ന് 1957-ൽ മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. ആ വർഷം തന്നെ, ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും മലയാളം ഉൾപ്പെടെ ആറു ഭാഷകളിൽ പാടുവാൻ ആ വർഷം തന്നെ ജാനകിക്ക് അവസരം ലഭിച്ചു. 1957-ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വഴിയിൽ’ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്.

1200-ലധികം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. തളിരിട്ട കിനാക്കൾ (മൂടുപടം), വാസന്ത പഞ്ചമി നാളിൽ (ഭാർഗ്ഗവി നിലയം), സൂര്യകാന്തീ സൂര്യകാന്തീ (കാട്ടുതുളസി), മനിമുകിലെ (കടത്തുകാരൻ), കവിളത്ത് കണ്ണീർ കണ്ടു (അന്വേഷിച്ചു കണ്ടെത്തിയില്ല), താമരകുമ്പിളല്ലോ (അന്വേഷിച്ചു കണ്ടെത്തിയില്ല), അവിടുന്നേൻ ഗാനം കേൾക്കാൻ (പരീക്ഷ), എൻ പ്രാണ നായകനെ (പരീക്ഷ), കണ്ണിൽ കണ്ണിൽ (ഡേഞ്ചർ ബിസ്കറ്റ്), താനേ തിരിഞ്ഞും മറിഞ്ഞും (അമ്പലപ്രാവ്), ഇന്നലെ നീയൊരു (സ്ത്രീ) എന്നിവ അവരിൽ ചിലത് മാത്രമാണ്.
