
ഗുരുവായൂരിൽ വിഷുക്കണി ദർശനം 2.55 മുതൽ

ഗുരുവായൂർ : ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിഷുദിനമായ ഏപ്രിൽ 15 ബുധനാഴ്ചപുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷു കണി ദർശനം. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന.

തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൻ (മുതിർന്ന പൗരൻമാർ), പ്രാദേശികം വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെ പരിമിതപ്പെടുത്തും.പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു നിന്നും മുതിർന്ന പൗരൻമാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴി പുലർച്ചെ 3.30 മുതൽ ദർശനത്തിനായുള്ള ടോക്കൺ നൽകും.
ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 7 .30 മുതലാകും.

തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വിഷു ദിവസം പുലർച്ചെ മുതൽ തന്നെ കിഴക്കേ നടയിലൂടെ ഭക്തരുടെ സഞ്ചാരം ക്രമീകരിക്കും. ദീപസ്തംഭത്തിന് മുന്നിൽ നിന്ന് ദർശനം തേടുന്നവർക്ക് വൺവേ സമ്പ്രദായം ഏർപ്പെടുത്തും. തിരക്ക് കുറയുന്നതിനു സരിച്ച് നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും

