
കർണാടകയുടെ ആഭ്യന്തരകാര്യങ്ങളിൽ പിണറായി ഇടപെടരുത് : ഡി കെ. ശിവകുമാർ

ബെംഗളൂരു: കര്‍ണാടകയിലെ ബുള്‍ഡോസര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയ മുഖ്യമന്ത്രിക്ക് പിണറായി വിജയന് മറുപടിയുമായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി ഇടപെടേണ്ടതില്ലെന്നും അദ്ദേഹത്തിന്റേത് രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനയാണെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമെന്ന് അദ്ദേഹം പറഞ്ഞു

. ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ട അപകടകരമായ ഒരു ക്വാറിയിലാണ് നിയമവിരുദ്ധമായി താമസിച്ചിരുന്നതെന്നും ഈ സ്ഥലം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ശിവകുമാര്‍ വിശദീകരിച്ചു. ബെംഗളൂരുവിനെ ചേരിമുക്തമാക്കി നിലനിര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മുംബൈ പോലുള്ള നഗരങ്ങളില്‍നിന്ന് വ്യത്യസ്തമായി ബെംഗളൂരുവില്‍ അധികം ചേരികള്‍ ഇല്ലെന്ന് പറഞ്ഞ ശിവകുമാര്‍ ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണെന്നും വ്യക്തമാക്കി.

കര്‍ണാടകയുടെ തലസ്ഥാന നഗരിയില്‍ മുസ്ലിം ജനത വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഫക്കീര്‍ കോളനിയും വസീം ലേഔട്ടും ബുള്‍ഡോസര്‍ വെച്ചു തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടത്. കൊടുംതണുപ്പില്‍ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോള്‍ അതിന്റെ കാര്‍മ്മികത്വം കര്‍ണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്. പാവപ്പെട്ടവര്‍ക്ക് കിടപ്പാടം ഒരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുന്‍കൈയെടുക്കേണ്ട ഭരണാധികാരികള്‍ തന്നെ ഇങ്ങനെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോണ്‍ഗ്രസ് ന്യായീകരിക്കുക?’- പിണറായി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു
