
സൊസൈറ്റി പൊളിഞ്ഞു, 4.2ലക്ഷവും പലിശയും നൽകുവാൻ വിധി.

തൃശൂർ : നിക്ഷേപ സംഖ്യകൾ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ നന്ദിക്കര ശ്രീനിലയത്തിലെ കെ.ഗോപാലകൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ് നന്ദിക്കരയിലുള്ള പറപ്പൂക്കര പഞ്ചായത്ത് ഷെഡ്യൂൾഡ് കാസ്റ്റ് സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ സെക്രട്ടറിക്കെതിരെ ഇപ്രകാരം വിധിയായതു്.ഹർജിക്കാരൻ വ്യത്യസ്ത തിയ്യതികളിലായി മൊത്തം 405000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപ സംഖ്യകൾ പലിശ സഹിതം തിരികെ നൽകുകയുണ്ടായില്ല. വക്കീൽ നോട്ടിസ് അയച്ചപ്പോൾ സ്ഥാപനം നിർത്തലാക്കി എന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

നിക്ഷേപ സംഖ്യകൾ തിരികെ നൽകാത്ത പ്രവൃത്തി അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്ന് കോടതി വിലയിരുത്തി. എതിർകക്ഷിയുടെ പ്രവൃത്തി മൂലം ഹർജിക്കാരന് സാമ്പത്തികമായും മാനസികമായും നഷ്ടം അനുഭവിക്കേണ്ടി വന്നുവെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നിക്ഷേപങ്ങൾ പ്രകാരം 4,05,000 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ വിധിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.