
കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ മലപ്പുറം സ്വദേശിയുടെ അഴുകിയ മൃതദേഹം

ചാവക്കാട്: ചാവക്കാട് കോടതിക്ക് എതിര്‍വശത്തെ കെട്ടിടങ്ങള്‍ക്ക് പിന്നിലെ കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ പുരുഷന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും മൊബൈല്‍ ഫോണും ആധാര്‍ കാര്‍ഡും കണ്ടെടുത്തു.

മലപ്പുറം കോടൂര്‍ പഞ്ചായത്തിലെ വലിയാട് കോല്‍ക്കാട്ടില്‍ അബ്ദുല്‍ റഷീദ്(49) എന്ന വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് ആണ് മൃതദേഹത്തില്‍നിന്നും കിട്ടിയത്. ആധാര്‍ കാര്‍ഡ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ വിലാസത്തിലുള്ള ആളുടെ മൃതദേഹം തന്നെയാണ് കണ്ടെത്തിയതെന്ന് ചാവക്കാട് പോലീസ് അറിയിച്ചു.
ഇയാള്‍ മൂന്ന് മാസം മുമ്പ് വീടു വിട്ടിറങ്ങിയതാണെന്നും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരനാണെന്നും പോലീസ് പറഞ്ഞു. മൃതദേഹത്തിന് 10 ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. മൃതദേഹം തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
