
സംസ്ഥാനത്ത് ‘വനിത വ്യവസായ പാർക്ക്’: മന്ത്രി പി. രാജീവ്


തൃശ്ശൂർ: സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് വേണ്ടി വനിത വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള വുമൺ എന്റർപ്രണേഴ്സ് കോൺക്ലേവ് 2025 തൃശ്ശൂർ ലുലു കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ സുപ്രധാനമായ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളിലെ വീടുകളുടെ 50% വരെ സംരംഭം തുടങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ഒഴിഞ്ഞ് കിടക്കുന്ന വീടുകളിൽ 100% സംരംഭം തുടങ്ങാൻ കഴിയും. സംരംഭകർക്ക് വേണ്ട നൈപുണ്യ വികസനവും സർക്കാർ ഉറപ്പാക്കും.

കൂടാതെ, സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിദേശ എക്സിബിഷനുകളിൽ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം വ്യവസായ വകുപ്പ് നൽകുന്നുണ്ട്. ഓൺലൈൻ വിപണി സജീവമാക്കാൻ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ ജില്ലകളിൽ നിന്നായി 1200-ഓളം വനിതാ സംരംഭകർ പങ്കെടുത്ത കോൺക്ലേവിൽ, ഒരു സംരംഭം തുടങ്ങാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഒരിടത്ത് ലഭിക്കുന്ന ഏകജാലക സംവിധാനമാണ് (Single Window System) ഏറ്റവും വലിയ ആകർഷണമായത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, UDYAM, KSWIFT, GST തുടങ്ങിയ സർക്കാർ ഹെൽപ് ഡെസ്കുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനം സംരംഭകർക്ക് ഏറെ പ്രയോജനപ്പെട്ടു.
‘സാങ്കേതികവിദ്യാധിഷ്ഠിത ഉൽപ്പാദനത്തിൽ വനിതകളുടെ പ്രാധാന്യം’ എന്ന വിഷയത്തിലും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വനിതാ സംരംഭകർക്ക് നൽകുന്ന പിന്തുണ പദ്ധതികളെക്കുറിച്ചും പ്രത്യേക പാനൽ ചർച്ചകളും കോൺക്ലേവിന്റെ ഭാഗമായി നടന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കോൺക്ലേവ് സന്ദർശിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷനായ ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജ്യൂല തോമസ് ഐ.എ.എസ്., വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ്., കെ.എസ്.ഐ.ഡി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ ഐ.ആർ.ടി.എസ്., ബി.പി.ടി. എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത്കുമാർ, ഫിക്കി (FICCI) പ്രതിനിധി ജ്യോതി ദീപക് അശ്വനി തുടങ്ങിയവർ പങ്കെടുത്തു.