

തൃശൂർ ∙ സാങ്കേതിക വിദ്യയും വൈദ്യശാസ്ത്രവും സംയോജിപ്പിച്ചു മുന്നേറ്റം കൈവരിക്കുവാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി(ഐ.ഐ.ഐ.ടി) കോട്ടയവും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എ.ഐ.എം.സ് ) തൃശ്ശൂരും തമ്മിൽ ധാരണയായി.
ക്വാണ്ടം-ക്ലാസിക്കൽ ന്യൂറൽ നെറ്റ്‌വർക്ക് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് തലച്ചോറിലെ അസ്വാഭാവിക സിഗ്നലുകൾ കാരണം ഉണ്ടാകുന്ന അപസ്മാരം, ജെന്നി തുടങ്ങിയ നാഡീവ്യാധികളുടെ മുൻകൂട്ടി തിരിച്ചറിവും നിയന്ത്രണവും ലക്ഷ്യമിട്ട ഗവേഷണ പദ്ധതികളാണ് സഹകരണത്തിലൂടെ നടപ്പിലാക്കുന്നത്.

നൂതന ഗവേഷണ–സാങ്കേതിക രംഗത്ത് മികവ് പുലർത്തുന്ന കേന്ദ്രമായി ഐ.ഐ.ഐ.ടികോട്ടയം രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൈവരിച്ചു വരുന്നു. അമേരിക്കയിലെ മേരിലാന്റ് യൂണിവേഴ്സിറ്റി, മലേഷ്യയിലെ മലായ യൂണിവേഴ്സിറ്റി, തിരുവനന്തപുരം സി.എസ്.ഐ.ആർ-നിസ്റ്റ് തുടങ്ങി നിരവധി പ്രശസ്ത ഗവേഷണ കേന്ദ്രങ്ങളുമായി അമല മെഡിക്കൽ കോളേജ് ഇതിനകം തന്നെ നിരവധി സംയുക്ത പദ്ധതികൾ നടത്തുന്നുണ്ട്. ഈ മികവിന് പിന്തുണയായി, ആരോഗ്യമേഖലയിൽ എഐ സാങ്കേതിക വിദ്യ പ്രായോഗികമായി വിനിയോഗിക്കുന്നതിൽ ഐ.ഐ.ഐ.ടി കോട്ടയവുമായുള്ള സഹകരണം വലിയ മുന്നേറ്റമായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.

യഥാർഥ ക്ലിനിക്കൽ ഡാറ്റയും എഐ സാങ്കേതിക വിദ്യയും കൂട്ടിച്ചേർത്ത് നാഡീ രോഗനിർണയവും ചികിത്സാ സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അമലയിലെ വിഡിയോ ഇഇജി സംവിധാനം, ഔട്ട്പേഷ്യന്റ്, പോർട്ടബിൾ ഇഇജി സൗകര്യങ്ങൾ, പീഡിയാട്രിക് എപിലെപ്സി പ്രോഗ്രാം, സമഗ്രമായ സ്ലീപ്പ് ലാബ് തുടങ്ങിയ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഇതിന് സഹായകരമാകും.
കോട്ടയത്ത് നടന്ന ചടങ്ങിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സിഎംഐയും ഐ.ഐ.ഐ.ടി കോട്ടയം റജിസ്ട്രാർ ഡോ. എം.രാധാകൃഷ്ണനും ആണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്.
അമലയിൽ നിന്ന് അസോസിയേറ്റ് ഡയറക്ടർ ഫാ ആന്റണി മണ്ണുമ്മേൽ, ന്യൂറോസർജറി വിഭാഗം മേധാവി ഡോ സുരേഷ്‌കുമാർ, ഇന്റഗ്രേറ്റഡ് മെഡിക്കൽ റിസർച്ച് ലാബ് ഡയറക്ടർ ഡോ അജിത് ടി എ, അമല കാൻസർ റിസർച്ച് സെന്റർ ചീഫ് റിസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ ജോബി തോമസ്, ഐ.ഐ.ഐ.ടി യിൽ നിന്ന് കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് അധ്യാപകനും ഈ പ്രോഗ്രാമിന്റെ കോർഡിനേറ്ററുമായ ഡോ ജോൺ പോൾ മാർട്ടിൻ, അക്കാദമിക്സ് ഇൻചാർജ് പ്രൊഫ. അശോക് എസ്, അസോസിയേറ്റ് ഡീൻമാരായ ഡോ എബിൻ ഡെനി രാജ്, ഡോ ഭാക്യരാജ് ടി, ഡോ രാകേഷ് ജി കെ, സി എസ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ ജയകൃഷ്ണ സാഹു, ഡോ ക്രിസ്റ്റീന തെരേസ ജോസഫ്, ഡോ സുചിത്ര എം എസ്, ഡോ മാത്യു സി ഡി എന്നിവർ സന്നിഹിതരായിരുന്നു.