
ചെമ്പൈ ഭാഗവതർ മാനവികതയുടെ സംഗീതകാരൻ : മന്ത്രി കെ.രാജൻ

തൃശൂർ : കേരള സമൂഹത്തിൽ മാനവികതയിലൂന്നിയ സംഗീത സംസ്കാരം വളർത്തിയെടുത്ത ആചാര്യനാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വവും
കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി നടത്തിയ ചെമ്പൈ സംഗീതോത്സവം സുവര്‍ണ്ണ ജൂബിലി ആഘോഷം തൃശൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഖ്യാതി ലോകത്താകമാനം വ്യാപിച്ചിരിക്കുകയാണ്. അതിലൂടെ ആ സംഗീത ആചാര്യൻ പിൻതുടർന്ന സംസ്കാരമാണ് സമൂഹത്തിൽ അലിഞ്ഞുചേരുന്നതെന്ന് മന്ത്രി പറഞ്ഞു.

കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്ന ചടങ്ങിൽ അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മുതിർന്ന സംഗീതജ്ഞരെ ആദരിച്ചു. മൃദംഗ വിദ്വാൻ കെ.എം.എസ് മണി , വയലിൻ വിദ്വാൻ സി രാജേന്ദ്രൻ, സംഗീതജ്ഞൻ ചേപ്പാട് വാമനൻ നമ്പൂരിതിരി, ഗോട്ട് വാദ്യകലാകാരി ഉഷ വിജയകുമാർ, ചെമ്പൈ സംഗീതോത്സവം 40 വർഷമായി ആകാശവാണിക്ക് വേണ്ടി അനൗൺസ് ചെയ്ത തങ്കമണി എന്നിവര്‍ ആദരം ഏറ്റുവാങ്ങി.
.ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയന്‍ അധ്യക്ഷനായി.

പ്രശസ്ത കലാനിരൂപകന്‍ ഡോ.എന്‍.പി വിജയകൃഷ്ണന്‍ ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ. പി വിശ്വനാഥൻ എന്നിവർ സന്നിഹിതരായി. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺ കുമാർ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. ചെമ്പൈ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സംഗീത നാടക അക്കാദമി സെക്രട്ടറി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.