
കെ. എം. ഷാജഹാന് ജാമ്യം

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനെ സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യുട്യൂബര്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും കോടതി നിര്‍ദേശിച്ചു. വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഷാജഹാന്

ഇന്നലെ രാത്രി തിരുവനന്തപുരം ആക്കുളത്തുള്ള വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഷാജഹാനെ കൊച്ചി ചെങ്ങമനാട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലുവ റൂറല്‍ സൈബര്‍ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നു വൈകിട്ടോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ കേസെടുത്ത് വെറും 3 മണിക്കൂറിനുള്ളില്‍ എങ്ങനെയാണ് പൊലീസ് എറണാകുളത്തു നിന്ന് തിരുവനന്തപുരത്ത് ഷാജഹാന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് എന്ന് കോടതി ചോദിച്ചു. ഒപ്പം ആലുവ റൂറല്‍ സൈബര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ചെങ്ങമനാട് പൊലീസ് എങ്ങനെയാണ് കസ്റ്റഡിയിലെടുക്കുന്നതെന്നും കോടതി ആരാഞ്ഞു. കെ ജെ ഷൈനിന്റെ പരാതി അന്വേഷിക്കാന്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ ചെങ്ങമനാട് എസ്എച്ച്ഒയും ഉള്‍പ്പെടുന്നതു കൊണ്ടാണ് ഇത് എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി
പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വാദിച്ചു. പരാതിക്കാരിയെ പൊതുസമൂഹത്തിനു മുന്നില്‍ മോശമായി ചിത്രീകരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്നതിനായി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള വിഡിയോകളും നിരന്തരമായി ചെയ്യുന്നു എന്നും ഇത് ഗുരുതരമായ കുറ്റമാണെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ള ലൈംഗിക പരാമര്‍ശങ്ങളൊന്നും വിഡിയോയില്‍ ഇല്ലല്ലോ എന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം എന്താണെന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

നേരത്തെ തനിക്കെതിരെ സൈബര്‍ ആക്രമണവും അധിക്ഷേപകരമായ പരാമര്‍ശങ്ങളും നടത്തുന്നു എന്നു കാട്ടി കെ ജെ ഷൈനിന്റെ പരാതിയില്‍ പൊലീസ് കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി സി കെ ഗോപാലകൃഷ്ണന്, ഷാജഹാന് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് ഷാജഹാന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. പിന്നാലെ ആറു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഷാജഹാനെ വിട്ടയച്ചു. എന്നാല്‍ പിന്നീട് പ്രസിദ്ധീകരിച്ച വീഡിയോയില്‍ തന്റെ പേര് അടക്കം ഷാജഹാന് പരാമര്‍ശിച്ചു എന്നു കാട്ടി കെ ജെ ഷൈന്‍ പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ തിരുവനന്തപുരത്തെത്തി പൊലീസ് ഷാജഹാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.