
കെപിഎസ്ടിഎ സന്ദേശയാത്രയ്ക്ക് തിങ്കളാഴ്ച ചാവക്കാട്ട് സ്വീകരണം

ചാവക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെപിഎസ്ടിഎ) സംസ്ഥാനസമിതി നടത്തുന്ന മാറ്റൊലി പൊതുവിദ്യാഭ്യാസ പരിവര്‍ത്തന സന്ദേശയാത്രക്ക് തിങ്കളാഴ്ച ചാവക്കാട്ട് സ്വീകരണം നല്‍കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഉച്ചക്ക് 2.30-ന് ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് വാദ്യമേളങ്ങളുടെയും മറ്റും അകമ്പടിയോടെ സ്വീകരണവേദിയായ താലൂക്ക് ഓഫീസ് പരിസരത്തേക്ക് സന്ദേശയാത്ര എത്തും.

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നേതാക്കളായ ഒ.അബ്ദുറഹിമാന്‍കുട്ടി, ജോസ് വള്ളൂര്‍, സി.എച്ച്.റഷീദ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. എല്ലാ അധ്യാപകര്‍ക്കും നിയമന അംഗീകാരവും ജോലി സംരക്ഷണവും ഉറപ്പാക്കുക, നിഷേധിച്ച ആനുകൂല്യങ്ങളും ശബള പരിഷ്‌ക്കരണവും ലഭ്യമാക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക തുടങ്ങീ ആവശ്യങ്ങളുന്നയിച്ച് 15-ന് കാസര്‍ഗോഡ് നിന്ന് തുടങ്ങിയ സന്ദേശയാത്ര 27-ന് അധ്യാപകറാലിയോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും.

വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയര്‍മാന്‍ അരവിന്ദന്‍ പല്ലത്ത്, കണ്‍വീനര്‍ കെ.ജെ.ജലിജ് കെപിഎസ്ടിഎ ഭാരവാഹികളായ കെ.കെ.ശ്രീകുമാര്‍, ടി.യു.ജയ്‌സണ്‍, സി.ജെ. റയ്മണ്ട് എന്നിവർ സംബന്ധിച്ചു