
പാലിയേക്കരയിൽ ടോൾ പിരിക്കാനാകില്ലെന്ന് സുപ്രീം കോടതിയും

ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി. നാലാഴ്ചത്തെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കുഴികളുള്ള റോഡിലൂടെ സഞ്ചരിക്കാന്‍ പൗരന്‍മാര്‍ കൂടുതല്‍ പണം നല്‍കേണ്ടതില്ലെന്നും ഗതാഗതം സുഗമമാക്കാനുള്ള നടപടികളില്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും ടോള്‍പിരിക്കുന്ന കമ്പനിയുമാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്.
ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്‍ 150 രൂപ ടോളായി നല്‍കുന്നതെന്നു സുപ്രീംകോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ചോദിച്ചിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് കോടതി നടപടി.

ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ ഓഗസ്റ്റ് ആറിനാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്കു തടഞ്ഞത്. ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ സമയം അനുവദിച്ചിട്ടും ദേശീയപാത അതോറിറ്റി വീണ്ടും സമയം നീട്ടിച്ചോദിച്ചപ്പോഴായിരുന്നു ഹൈക്കോടതി ഉത്തരവ്.